വേങ്ങരയിൽ നടത്തിയ വൻ രാസലഹരി വേട്ടയിൽ 101.57 ഗ്രാം എം.ഡി.എം.എയും 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയിൽ. വേങ്ങര പുഴച്ചാൽ കല്ലങ്കയം ചിറയിൽ വീട്ടിൽ ദിൽരാജ് @ ദിലുവിനെയാണ് (38) മലപ്പുറം സബ് ഡിവിഷൻ ഡാൻസാഫ് ടീമും വേങ്ങര പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. വേങ്ങര ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപകമായി എം.ഡി.എം.എ. വിൽപ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് ദിൽരാജ്. വേങ്ങര പുഴച്ചാൽ കല്ലങ്കയത്തുള്ള പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. ചില്ലറ വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 101.57 ഗ്രാം എം.ഡി.എം.എയും ലഹരിവസ്തുക്കൾ വിറ്റഴിച്ച വകയിൽ ലഭിച്ച 3,60,000 രൂപയും ഇവിടെനിന്നും കണ്ടെടുത്തു.
സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിലാണ് പ്രതി ലഹരിവ്യാപാരം നടത്തിയിരുന്നത്. ലഹരി വിൽപ്പന നടത്തിയ കേസിൽ ഇയാൾ മുൻപ് വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയുടെ അമ്മാവൻ മനോജും കൂട്ടാളികളും 357 ഗ്രാം എം.ഡി.എം.എയുമായി വള്ളുവമ്പ്രം ചീനിക്കലിൽ വെച്ച് മഞ്ചേരി പോലീസിന്റെയും മലപ്പുറം ഡാൻസാഫ് ടീമിന്റെയും പിടിയിലായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്.പി. അനിൽ ബി., നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. സുനിൽകുമാർ, വേങ്ങര എസ്.ഐ.മാരായ മൻസൂർ, രഞ്ജിത്ത്, എ.എസ്.ഐ. സംഗീത, സി.പി.ഒ. സനൽ, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പി., ജസീർ കെ.കെ., ബിജു വി.പി., രഞ്ജിത്ത് ആർ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
