വേങ്ങര: നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായി നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 450 ഗ്രാം കഞ്ചാവ് വേങ്ങര പോലീസ് പിടികൂടി. തോട്ടശ്ശേരിയറ-ചെരുപ്പടിമല റോഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 12 എൻ 6988 നമ്പർ കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.പോലീസ് വാഹനം നിർത്തിയതോടെ കാറിലുണ്ടായിരുന്ന പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് കാർ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിൽ നിന്ന് ലഭിച്ച രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വേങ്ങര വളക്കുട സ്വദേശി സാജുദ്ദീനെ (32) മണിക്കൂറുകൾക്കുള്ളിൽ പോലീസ് വലയിലാക്കിയത്.വേങ്ങര സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
