വേങ്ങര: വേങ്ങരയുടെ ആരോഗ്യ മേഖലയ്ക്ക് വലിയൊരു നാഴികക്കല്ലായി വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) അഡ്മിഷൻ (In-Patient) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും ആരോഗ്യപ്രവർത്തകരുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നത്. ഏപ്രിൽ ഒന്ന് മുതൽ കിടത്തിച്ചികിത്സാ വിഭാഗം പ്രവർത്തനസജ്ജമാകും. മികച്ച ചികിത്സയ്ക്കായി ദൂരസ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരുന്ന വേങ്ങരയിലെ സാധാരണക്കാർക്ക് ഈ പുതിയ സംവിധാനം വലിയ ആശ്വാസമാകും. ആധുനിക സൗകര്യങ്ങളോടു കൂടിയ വാർഡുകളും വിദഗ്ദ്ധരായ ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവുമാണ് സി.എച്ച്.സിയിൽ സജ്ജമാക്കിയിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിട്ടാണ് ഐ.പി വിഭാഗത്തിന്റെ പ്രവർത്തനം കാണുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ മേഖലയിലെ ആരോഗ്യ സേവനം കൂടുതൽ ജനകീയമാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
