Monday, June 15News That Matters

ലഹരിക്കെതിരെ ഗോൾമഴ പെയ്യിച്ച് വിദ്യാർത്ഥികളുടെ ഫുട്ബോൾ വിളംബര റാലിയും മത്സരവും

എ.ആർ നഗർ: മഴ മാറിനിന്ന അക്ഷരമുറ്റത്ത് പന്തുരുണ്ടപ്പോൾ അത് ലഹരിക്കെതിരെയുള്ള ഗോൾമഴയായി മാറി. ലോകകപ്പ് ഫുട്ബോളിന് സമാരംഭം കുറിച്ചതിന്റെ വിളംബരവുമായി ബ്രസീൽ – അർജന്റീന ഫാൻസ് സൗഹൃദമത്സരവും പെൺകുട്ടികളുടെ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ‘തൂഫാൻ മില്യൺ ഗോൾ’ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ കായിക വിഭാഗം ഈ വേറിട്ട പരിപാടികൾ ഒരുക്കിയത്. വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് ‘ഫിഫ 2026’ (FIFA 2026) ന്റെ രൂപം തീർത്തത് കൗതുക കാഴ്ചയായി. ആവേശകരമായ സൗഹൃദമത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റിയിൽ ബ്രസീൽ ഫാൻസിനെ മറികടന്ന് അർജന്റീന ഫാൻസ് ടീം ജേതാക്കളായതോടെ കളിയാരവത്തിന്റെ വാദ്യമേളങ്ങളും വിദ്യാർത്ഥികളുടെ ആഹ്ലാദപ്രകടനങ്ങളും ഉയർന്നു. തുടർന്ന് സ്വർണ്ണക്കപ്പുമേന്തി വിദ്യാർത്ഥിക്കൂട്ടം ഇരുമ്പുചോലയിൽ വിപുലമായ റാലിയും നടത്തി. കളിയാരവം പരിപാടികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഒ.സി. ഹബീബ മൻസൂറും സ്കൂൾ മാനേജർ കെ. ലിയ ഖത്തലിയും ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി. അബ്ദുല്ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് അൻളൽ കാവുങ്ങൽ, ടി. മുനീർ, കായിക അധ്യാപകൻ സി. അർഷദ്, സ്റ്റാഫ് സെക്രട്ടറി മുനീർ വിലാശേരി, എ. ഷമീം നിയാസ്, പി.ഇ. നൗഷാദ്, ഷഫീഖ് മൂഴിക്കൽ, കെ.ടി. അഫ്സൽ, കെ.എം. ഹമീദ്, സി. നജീബ്, കെ. ആഷിക്കലി തുടങ്ങിയവർ സംസാരിച്ചു. റാലിക്ക് ഷിഫാ സീനത്ത്, ജെൽസി, തസ്ലീമ, നജ്മ ശൈഖ, സന തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version