തിരൂരങ്ങാടി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) നിയമങ്ങൾ ലംഘിച്ചുകൊണ്ട് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസക്കും പന്തീരങ്കാവ് ടോൾ പ്ലാസക്കും ഇടയിലുള്ള ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് ടോൾ പ്ലാസകൾക്കിടയിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണമെന്ന 2008-ലെ എൻ.എച്ച്.എ.ഐ ചട്ടം നിലനിൽക്കെ, ഇവിടെ വെറും 48 കിലോമീറ്റർ ദൂരപരിധിയിൽ ടോൾ പിരിക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. റോഡിന്റെ പണികൾ പൂർത്തിയാക്കാതെയും സർവീസ് റോഡുകൾ സജ്ജമാക്കാതെയും ടോൾ പിരിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുറഹീം പൂക്കത്ത് പള്ളിപ്പടി, കൊട്ടന്തല, സാമൂഹിക പ്രവർത്തകൻ പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, നസറുദ്ധീൻ തങ്ങൾ, ഷുക്കൂർ പി.എം. എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടർ വി.ആർ. വിനോദിന് പരാതി നൽകിയത്. പരാതി എൻ.എച്ച്.എ.ഐക്ക് കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകി.
