Friday, May 1News That Matters

ആനങ്ങാടിയിലെ റോഡ് സുരക്ഷാ ഭീഷണിക്ക് പരിഹാരം.

പരപ്പനങ്ങാടി: പരപ്പനങ്ങാടി – കടലുണ്ടി റോഡിൽ ആനങ്ങാടി ഭാഗത്ത് റോഡ് ഉയർത്തിയത് മൂലം നിത്യേനയുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരമായി. റോഡ് വശങ്ങൾ താഴ്ന്നുകിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയുയർത്തുന്നതായും, ആനങ്ങാടി ടൗണിലെ ഓട്ടോ സ്റ്റാൻഡ് ഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പുക്കത്ത്, പൊതുപ്രവർത്തകൻ സുബൈർ ആനങ്ങാടി എന്നിവർ നൽകിയ പരാതിയിലാണ് നടപടി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദു, അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർക്ക് നൽകിയ പരാതിയെത്തുടർന്ന് റോഡ് സൈഡുകൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കി.

പഴയ റോഡ് നവീകരണ കരാറിൽ സൈഡ് ഐറിഷ് (കോൺക്രീറ്റ്) ഉൾപ്പെടാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമായിരുന്നത്. പൊതുപ്രവർത്തകർ ഈ വിഷയം നിരന്തരമായി വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ, പുതിയ പ്രവൃത്തിയിൽ ബാക്കി വന്ന ഫണ്ട് ഉപയോഗിച്ച് ഓട്ടോ സ്റ്റാൻഡ് നിൽക്കുന്ന ഭാഗവും റോഡിന്റെ വശങ്ങളും കോൺക്രീറ്റ് ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഓവർസിയർ അഭയന്റെ നേതൃത്വത്തിൽ നടന്ന കൃത്യമായ മേൽനോട്ടവും ജാഗ്രതയുമാണ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചത്. അപകടാവസ്ഥ പരിഹരിക്കാൻ സജീവമായി ഇടപെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് അബ്ദുൽ റഹീം പുക്കത്ത് പ്രത്യേകം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version