പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്‌റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ഒടുവിൽ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് മംഗലാപുരത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മതിൽ ചാടിയതിനെത്തുടർന്ന് രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത സജേഷ് പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെയാണ് ഇയാൾ മതിൽ ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടി പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സി.ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ വീട്ടുകാർ പോലീസിന്റെ സഹായം തേടിയിരുന്നു. വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉൾപ്പെടെ ആക്രമിക്കുകയും വീട്ടുമുറ്റത്തെ കാർ അടിച്ചുതകർക്കുകയും ചെയ്ത സജേഷിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സി.ഐ. സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റത്. പൊട്ടിയ ഗ്ലാസ് കഷണം കൊണ്ടുള്ള ആക്രമണത്തിൽ ഇൻസ്‌പെക്ടറുടെ കൈക്ക് ആഴത്തിൽ മുറിവേറ്റിരുന്നു.
