ന്യൂഡൽഹി: ദേശീയപാത 66 ൽ കൂരിയാട്, തലപ്പാറ ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം പാർലിമെന്റ് മെമ്പറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും ഇ.ടി. വ്യക്തമാക്കി. ദേശീയ പാത 66 ന്റെ നിർമ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ഇ.ടി. ആവശ്യപ്പെട്ടു. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമ്മാണം ആവശ്യമാണെന്നും, മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും ഇ.ടി. ചൂണ്ടിക്കാട്ടി. ദേശീയ പാത നിർമ്മാണത്തിലെ അപാകതകളെ സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിന് ഉറപ്പ് നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com