Wednesday, September 17News That Matters

JILLA VARTHAKAL

18-09-2025

വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ്

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2025 ജൂലൈയില്‍ നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ ജയിച്ചവര്‍ക്കുള്ള സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ്സ് സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പതിന് മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പരീക്ഷ ജയിച്ചിട്ടും ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും അവസരമുണ്ട്. ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ എഴുത്തുപരീക്ഷയുടെ അസ്സല്‍ ഹാള്‍ടിക്കറ്റുകളുമായി രാവിലെ ഒന്‍പതിനു മുന്‍പ് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.  ഫോണ്‍- 0483 2950003.

1500-ലധികം ഒഴിവുകള്‍: നിയുക്തി മെഗാ ജോബ് ഫെയര്‍ 20-ന്

മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി. വൈ.എസ്.എസ്. കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ സെപ്റ്റംബര്‍ 20-ന് നടക്കും. 1500-ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബാങ്കിംഗ്, എജ്യൂക്കേഷന്‍, ഓട്ടോമൊബൈല്‍, എഫ്.എംസിജി, റെസ്റ്റോറന്റ് എഞ്ചിനീയറിംഗ്, ഫിനാന്‍ഷ്യല്‍, ആയുര്‍വേദിക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഫാര്‍മസി, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, മാനുഫാക്ചറിങ്ങും വിതരണവും തുടങ്ങിയ മേഖലകളില്‍ നിന്നുമുള്ള മുപ്പതിലധികം പ്രമുഖസ്ഥാപനങ്ങള്‍ പങ്കെടുക്കും. . പത്താം ക്ലാസ്, വി.എച്ച്.എസ്.ഇ, പ്ലസ് ടു, ഡിഗ്രി, ബിടെക്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഡിപ്ലോമ/ഡിഗ്രി, ഐടിഐ (ഇഎംഇസിഎച്ച് ടി.പി.ഇ.എസ്, ടി.പി.ഇ.എസ്), കെജിസിഇ (ഇലക്ട്രോണിക്സ്), ബി.ഫാം, ഡി.ഫാം തുടങ്ങിയ യോഗ്യതയുള്ള മുന്‍പരിചയമുളളവരോ അല്ലാത്തവരോ ആയവര്‍ക്ക് പങ്കെടുക്കാം. യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍: 0483-2734737, 8078428570.

തൊഴില്‍മേളയിലേക്ക് കമ്പനികളെ ക്ഷണിച്ചു

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് തവനൂരില്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിനായി വിവിധ കമ്പനികളെ ക്ഷണിച്ചു. താത്പര്യമുള്ള കമ്പനികള്‍ https://docs.google.com/forms/d/e/1FAIpQLSce8F5SPLc1nnqGCaLJedt3FhfSQ79vIhCbHSft-8l78Z_MrQ/viewform എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബര്‍ 24. ഫോണ്‍: 9495999658.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത-ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത-പ്ലസ്ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത-എസ് എസ് എല്‍ സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍-റെഗുലര്‍-പാര്‍ട്ട്ടൈം ബാച്ചുകളാണുള്ളത്. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരവും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

കായിക പരിശീലക നിയമനം

താനൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ കായിക പരിശീലക തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 23ന് രാവിലെ 11ന് പൊന്നാനി ചന്തപ്പടിയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ ഫുട്‌ബോള്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലേയര്‍ ആയവര്‍ അല്ലെങ്കില്‍  സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുളള ഫുട്‌ബോള്‍ കോച്ച് ആയിരിക്കണം. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പരിശീലനം നല്‍കണം. താത്പര്യമുളളവര്‍ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2666428, 9496007031.

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്, ലാപ്ടോപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏട്ടാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള ക്ലാസ്സുകളില്‍ പഠിക്കുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ (2024-25) വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസിലും, യൂണിയന്‍ ഓഫീസുകളിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 15. ഫോണ്‍: 0483 2734827.

വാഹന ഗതാഗതം നിരോധിച്ചു.

നരിപ്പറമ്പ്-പോത്തന്നൂര്‍ റോഡില്‍ ഡ്രൈനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണ്ണമായി നിരോധിച്ചു. ചമ്രവട്ടം പാലം വഴി പൊന്നാനിയിലേക്ക് വരുന്ന വാഹനങ്ങള്‍ പഴയ ദേശീയപാത വഴി ചമ്രവട്ടം ജംഗ്ഷനിലേക്കും പൊന്നാനിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചും പോകണം.

വാഹനഗതാഗതം നിരോധിച്ചു

പേങ്ങാട്-ആലുങ്ങല്‍ റോഡില്‍ പൈപ്പ് ലൈന്‍ ട്രഞ്ച് റീസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 19 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഭാഗികമായി നിരോധിച്ചു.

കുടുംബശ്രീ ‘സര്‍ഗം-2025’ സംസ്ഥാനതല ചെറുകഥാരചന മത്സരം: രചനകള്‍ 23 വരെ അയക്കാം.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓല്ക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ‘സര്‍ഗം-2025’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സമ്മാനാര്‍ഹമാകുന്ന ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മൊമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക. മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ 23.

രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രചനകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ നേരിട്ടോ 2025 സെപ്റ്റംബര്‍ 23-ന് വൈകുന്നേരം അഞ്ചിനുള്ളില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളേജ്.പി.ഒ, തിരുവനന്തപുരം-695 011  എന്ന വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ‘സര്‍ഗ്ഗം-2025-സംസ്ഥാനതല ചെറുകഥാരചന മത്സരം’ എന്നെഴുതിയിരിക്കണം. ഇമെയില്‍, വാട്ട്സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ വെബ്സൈറ്റില്‍ ലഭിക്കും.

വനിതാ ശിശു വികസന വകുപ്പിന്റെ പോഷണമാസാചരണത്തിന് തുടക്കമായി. 

വനിത ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പോഷണമാസാചരണത്തിന് തുടക്കമായി. സെപ്തംബർ 17 മുതൽ ഒക്ടോബർ 16 വരെയാണ് ഈ വർഷത്തെ പോഷണമാസചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അമിതവണ്ണം ഒഴിവാക്കുക, ഇ സി സി ഇ, ശിശു പരിചരണം, ശിശുപരിചരണത്തിലും കുടുംബത്തിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നതിലും പുരുഷൻമാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് പോഷണമാസാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ 3808 അങ്കണവാടികളിലുമായി സിഗ്നേച്ചർ ക്യാംപയിൻ, പ്രശ്നോത്തരി, ബോധവൽക്കരണക്ലാസ് എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കും. പോഷണമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജി എച്ച് എസ് എസ് മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അബ്ദുൾ കരീം നിർവഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മാജി, ആല്യങ്ങൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ടി സൈഫുദ്ദീൻ, ഡയറ്റീഷ്യൻ കെ എസ് ടിൻ്റു, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ടി എൻ ധന്യ, സി ഡി പി ഒ പത്മാവതി, എച്ച് എം നാദിറ,ഐ സി ഡി എസ് സൂപ്പർവൈസർമാരായ ഷിഫ,റാണി, ഡി പി എ ഹരിദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

17-09-2025

യുവപ്രതിഭാ പുരസ്‌കാരം: നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള തീയതി നീട്ടി. 2025 സെപ്റ്റംബര്‍ 25 വൈകുന്നേരം 5 മണി വരെ അപേക്ഷ നല്‍കാം.

സംസ്ഥാന യുവജന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജന ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 0471 2733139,2733602,2733777

ഏകദിന പരിശീലനം സംഘടിപ്പിച്ചു

നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡും ഫിഷറീസ് വകുപ്പും ചേര്‍ന്ന് ജില്ലയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യ മേഖലയിലെ സംരംഭകര്‍, മത്സ്യതൊഴിലാളികള്‍, അനുബന്ധ മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍ എന്നിവര്‍ക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി ആര്‍.വി പാലസില്‍ നടന്ന പരിപാടി പി.പി സുനീര്‍ എം.പി ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രജീഷ് ഊപാല അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അബ്ദുല്‍സലാം, ഡപ്യൂട്ടി ഡയറക്ടര്‍ സി. ആഷിഖ് ബാബു, ട്രേഡ് യൂനിയന്‍ പ്രതിനിധികളായ എ.കെ ജബ്ബാര്‍, സൈഫു പൂളക്കല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളെ കുറിച്ച് ഡോ. മഡോണ തച്ചില്‍, ഫിഷറീസ് വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ചും കൃഷി രീതികളെ കുറിച്ചും എഫ്.ഇ.ഒ ഷിജി ഐസണ്‍ എന്നിവര്‍ ക്ലാസ് എടുത്തു.

കെല്‍ട്രോണില്‍ ജേണലിസം.

കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025-26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദം നേടിയവര്‍ക്കും പ്ല്‌സ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്ത അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി.ആര്‍, അഡ്വടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക.

കോഴിക്കോട് കെല്‍ട്രോണ്‍ സെന്ററിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, തേര്‍ഡ് ഫ്‌ലോര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വെ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ സെപ്തംബര്‍ 8 നകം അപേക്ഷിക്കണം. ഫോണ്‍ 9544958182

ഗതാഗത നിയന്ത്രണം

താനൂര്‍ മുനിസിപ്പാലിറ്റിയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി താനാളൂര്‍-ഒഴൂര്‍-പാണ്ടിമുറ്റം റോഡില്‍ റെസ്റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍, താനാളൂര്‍-ഒഴൂര്‍ റോഡില്‍ സെപ്റ്റംബര്‍ 17 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈലത്തൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  വെള്ളച്ചാല്‍-അയ്യായ വഴിയും, തിരൂര്‍-താനാളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തന്‍തെരുവ് വഴിയും, ഒഴൂര്‍ പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവര്‍ വട്ടത്താണി പുത്തന്‍തെരുവ് വഴിയും തിരിഞ്ഞ് പോകണമെന്ന് വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചര്‍ ഫിസിക്സ്  

കോട്ടക്കല്‍ ഗവ. വനിത പോളിടെക്നിക്കിലേക്ക് ഗസ്റ്റ് ലക്ചര്‍ ഫിസിക്സ് തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണംമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍ 8281784303.

നിര്‍വഹണാനുമതി നല്‍കി

കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് ഹൈസ്‌കൂള്‍ റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നതിന് നിര്‍വഹണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി.

അങ്കണവാടി കം ക്രഷ് ഹെൽപ്പർ നിയമനം

വനിത ശിശുവികസന വകുപ്പ് കൊണ്ടോട്ടി ഐ.സി.ഡി.എസ്  പ്രോജക്ടിന് കീഴിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം നമ്പർ ഡിവിഷൻ പരിധിയിലുള്ള സെക്ഷൻ നമ്പർ 74 കോടങ്ങാട് അങ്കണവാടി കം ക്രഷിലേയ്ക്ക് അങ്കണവാടി ക്രഷ് ഹെൽപ്പറെ നിയമിക്കുന്നു. യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഈ വർഷം ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞ വരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഫോൺ: 0483 2713315,9188959785

ദേശീയാരോഗ്യദൗത്യത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവ്

ദേശീയാരോഗ്യദൗത്യം മലപ്പുറം നിലമ്പൂര്‍ മുമ്മുളളി അര്‍ബന്‍ നഗര കുടുംബാരോഗ്യകേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, സ്പെഷലിസ്റ്റ് ഡോക്ടര്‍ ജനറല്‍ മെഡിസിന്‍ എന്നീ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711

സൈക്യാട്രിസ്റ്റ് ഒഴിവ്

മലപ്പുറം അര്‍ബന്‍ പോളിക്ലിനിക്കിലെ സൈക്യാട്രി വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യകേരളം വെബ്‌സൈറ്റ് www.arogyakeralam.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട ലിങ്ക്: https://forms.gle/fJBpEvQvhzeEvLpm9 ഫോണ്‍: 0483 2730313, 9846700711

വനിതാ ശിശു വികസന വകുപ്പ്  ഒ ആര്‍ സി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദരുടെ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റ്/എഡ്യൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്) പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ ബ്ിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്കും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ്/ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഭിന്നശേഷിക്കാരുടെ മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പോസ്റ്റിലേക്കും സൈക്കോളജി/എം.എസ്.ഡബ്യു എന്നിവയില്‍ ഏതിലെങ്കിലും ബിരുദാന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് ഫാമിലി കൗണ്‍സിലര്‍ പോസ്റ്റിലേക്കും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം/ഒക്ക്യുപ്പേഷണല്‍ തെറാപ്പി ബിരുദമുള്ളവര്‍ക്ക് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം.

മാജിക്ക് മെൻ്റലിസം ഹിപ്നോട്ടിസം ഏകദിന ശിൽപശാല.

മലപ്പുറം: ടോപ് സ്ക്കിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഏകദിന മാജിക്ക് മെൻ്റലിസം ഹിപ്നോട്ടിസം ശിൽപശാല സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 9 മണി മുതൽ ടോപ് സ്ക്കിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ ഹാളിൽ വെച്ച് നടക്കുന്നു. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ 9544231423 എന്ന നമ്പറിൽ ബന്ധപ്പെടുക

16-09-2025

ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ എന്‍ ഡി ആര്‍ എഫിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി അവയര്‍നസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി എന്‍ ഡി ആര്‍ എഫിന്റെ കീഴിലുള്ള ആപ്തമിത്ര അംഗങ്ങള്‍ക്ക് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍ അധ്യക്ഷയായി.  പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറും മുന്‍ മലപ്പുറം ജില്ല ഓഫീസറുമായ വി കെ ഋതീജിനെ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. ദുരന്തസാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാനും മറ്റുള്ളവര്‍ക്ക് സഹായം നല്‍കാനും ആവശ്യമായ അടിസ്ഥാന പരിശീലനമാണ് എന്‍ഡിആര്‍എഫ് സംഘം നല്‍കിയത്. വെള്ളപ്പൊക്കം, തീപിടിത്തം, മണ്ണിടിച്ചില്‍, ഭൂകമ്പം തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തന മാര്‍ഗങ്ങളും പരിശീലനത്തിന്റെ ഭാഗമായി വിശദീകരിച്ചു. എ.ഡി.എം എന്‍ എം മെഹറലി, ഫയര്‍ ഓഫീസര്‍ ടി അനൂപ്, മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഇ കെ അബ്ദുല്‍ സലീം, മുന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി പ്രദീപ്, ടീം കോഡിനേറ്റര്‍ രാഹുല്‍ കുമാര്‍, 150 ഓളം വരുന്ന ആപ്തമിത്ര സേവകര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

റേഷൻ കടകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച വിജിലൻസ് സമിതികൾ കൃത്യമായ ഇടവേളകളിൽ യോഗം ചേരണമെന്ന് ഭക്ഷ്യ കമ്മീഷൻ

പൊതുവിതരണ സമ്പ്രദായം താഴേക്കിടയിൽ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ റേഷൻ കടകളുടെ തലത്തിൽ രൂപീകരിച്ച വിജിലൻസ് കമ്മിറ്റികൾ കൃത്യമായ ഇടവേളകളിൽ യോഗം ചേരണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികൾ ചേരുകയും റിപ്പോർട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികൾ താഴെക്കിടയിൽ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിച്ച റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ കൃത്യമായി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം.  ഐസിഡിഎസ് മുഖേന  നടപ്പിലാക്കുന്ന ഗർഭിണികൾക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കും നൽകിവരുന്ന പോഷകാഹാരപദ്ധതി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയിൽ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് സബീത ബീഗം നിർദ്ദേശിച്ചു. അങ്കണവാടികളിലും സ്കൂളുകളിലും പുതുതായി ഏർപ്പെടുത്തിയ ഭക്ഷണമെനു കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം കൃത്യമായി ജില്ലയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇവ സംബന്ധിച്ച പരാതികൾ ഡി ജി ആർ ഒ (ജില്ലാതല പരാതി പരിഹാര ഓഫിസർ) കൂടിയായ എ.ഡി.എമ്മിന് നൽകണം. ജില്ലാതലത്തിൽ പരിഹരിക്കാനാവാത്ത പരാതികൾ അർധ ജുഡീഷ്യൽ അധികാരമുള്ള ഭക്ഷ്യ കമ്മീഷന് കൈമാറണം. ജില്ലയിൽ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം കൃത്യമായി നടക്കുന്നുണ്ടെന്നും ഓണക്കാലത്ത് പരാതികൾക്കിടയില്ലാത്ത വിധം സംഭരണവും വിതരണവും പൂർത്തീകരിച്ചെന്നും ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു. ആദിവാസി മേഖലകളിൽ പൊതുവിതരണ സമ്പ്രദായം സുഗമമാക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഫലപ്രദമായി നടക്കുന്നു. പുതുതായി നാലു മാവേലി സ്റ്റോറുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ട്. എ ഡി എം എൻ എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർ കെ.ലത, ജില്ലാ സപ്ലൈ ഓഫീസർ എ സജാദ്, വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി: പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചെയര്‍മാന്‍.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടച്ച 551.2 കോടി രൂപ കാണാനില്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ചെയര്‍മാന്‍ സി.കെ. ഹരികൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.1985-ല്‍ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും 2005 ലാണ് ഭേദഗതി ചെയ്തത്. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡ് കാഴ്ചവയ്ക്കുന്നത്. 2005 ല്‍ ഭേദഗതി പദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമാണ് അംഗങ്ങളായി ചേര്‍ന്നിരുന്നത്. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന 5.35 ലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2019-ല്‍ പദ്ധതി പരിഷ്‌ക്കരിച്ചതിനുശേഷം അംഗങ്ങളായവരാണ്. 2019-ലാണ് തൊഴിലാളി-ഉടമാവിഹിതങ്ങളിലും ആനുകൂല്യങ്ങളിലും വര്‍ധനവുണ്ടായത്.

2019 നവംബര്‍ മാസത്തിനുശേഷമാണ് ഓട്ടോറിക്ഷാ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയാക്കി ഉയര്‍ത്തിയത്. ആനുകൂല്യങ്ങളില്‍ ആകര്‍ഷകമായ വര്‍ദ്ധനവ് വരുത്തുകയും ബോര്‍ഡിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രചാരണം നടത്തുകയും ചെയ്തതിന്റെ ഭാഗമായാണ് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. നിലവില്‍ 12 ലക്ഷത്തിലധികം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 34428 തൊഴിലാളികള്‍ പുതുതായി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

അസിസ്റ്റന്റ് സര്‍ജന്‍ അഭിമുഖം

പാലപ്പെട്ടി കുടുംബാരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ടിസിഎംസി രജിസ്ട്രേഷനും എംബിബിഎസ് യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍: 04942 678397.

പാലിയേറ്റീവ് കെയര്‍ നഴ്സ്, സ്പെഷലിസ്റ്റ് ഡോക്ടര്‍ നിയമനം

ദേശീയാരോഗ്യദൗത്യം മലപ്പുറം പാലിയേറ്റീവ് കെയര്‍ നഴ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തെറ്റിസ്റ്റ്) തസ്തികയിലേക്ക്  ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.  https://forms.gle/fJBpEvQvhzeEvLpm9 എന്ന ലിങ്കില്‍ സെപ്റ്റംബര്‍ 26നുള്ളില്‍ അപേക്ഷിക്കണം. ഫോണ്‍: 0483 2730313, 9846700711.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആന്റി ഡ്രഗ് ക്യാംപയിന്‍ സംഘടിപ്പിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആന്റി ഡ്രഗ് ക്യാംപയിന്‍ 2025 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സജി. എം. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 122 പേര്‍ക്ക് വിവാഹധനസഹായമായി 30,50,000 രൂപയും, മരണപ്പെട്ട 16 മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് 2,40,000 രൂപയും വിതരണം ചെയ്തു. ലഹരി ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങളെക്കുറിച്ച് റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. യൂസഫലി ബോധവല്‍ക്കണ ക്ലാസ് നയിച്ചു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, വെട്ടം പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നല്ലാഞ്ചേരി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി കൂട്ടായി പരിച്ചിന്റെകത്ത് അഫ്‌സാര്‍ നയിച്ച കേരള നടനവും മത്സ്യത്തൊഴിലാളികളുടെ ഗാനമേളയും നടന്നു.

ഐ.ടി.ഐ പ്രവേശന തീയതി നീട്ടി

മാറഞ്ചേരി ഗവ. ഐ.ടി.ഐയില്‍ ഡിടിപിഒ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള പ്രവേശന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍: 9633218102.

പൊതുതെളിവെടുപ്പ്

ഏറനാട് താലൂക്കിലെ, ഊര്‍ങ്ങാട്ടിരി വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 27 ല്‍ പ്പെട്ട 208/1-5, 208/1-1, 208/1-2, 208/1, 208/1-3, 209/1-2 എന്നീ റീ-സര്‍വ്വേ നമ്പറുകളില്‍ 2.7298 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കുവാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ 17 ന് രാവിലെ 11ന് തച്ചണ്ണ പൂവത്തിക്കല്‍ വൈറ്റ്റോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം, മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 30 നകം ലഭിക്കണം. ഫോണ്‍: 0471 2303659, 8281199055.

ഫാര്‍മസിസ്റ്റ് ഗ്രേഡ്-II നിയമനം.

ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ഡിസ്പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റ് ഗ്രേഡ്-II നെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കേരള ഗവ. അംഗീകാരമുള്ള ഒറിജിനല്‍ ആയുര്‍വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 23ന് രാവിലെ 10.30 ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2734852.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നു. ഒക്ടോബര്‍  21ന് എ ആര്‍ നഗര്‍, ഒക്ടോബര്‍ 23ന് മുന്നിയൂര്‍, ഒക്ടോബര്‍ 25ന് പെരുവള്ളൂര്‍, ഒക്ടോബര്‍ 28ന് പരപ്പനങ്ങാടി, നെടുവ, ഒക്ടോബര്‍ 30ന് വള്ളിക്കുന്ന്, അരിയല്ലൂര്‍, നവംബര്‍ 13ന് തിരൂരങ്ങാടി, നന്നമ്പ്ര, നവംബര്‍ 17ന് തെന്നല, പെരുമണ്ണ, നവംബര്‍ 19ന് പരിയാപുരം, താനൂര്‍, നവംബര്‍ 22ന് ഒഴൂര്‍, നിറമരുതൂര്‍, നവംബര്‍ 25ന് പൊന്മുണ്ടം, ചെറിയ മുണ്ടം, നവംബര്‍ 27ന് കല്‍പകഞ്ചേരി, വളവന്നൂര്‍ എന്നീ വില്ലേജുകളിലെ അപേക്ഷകള്‍ ഈ തീയതികളില്‍ മലപ്പുറം കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0483 2732001.

വസ്തു ലേലം

തിരൂരങ്ങാടി താലൂക്കിലെ അരിയല്ലൂര്‍ വില്ലേജില്‍ ബ്ലോക്ക് 06 ല്‍ റീസര്‍വേ 502/6 ല്‍ 3 ആര്‍സ് ഭൂമിയും വസ്തുവകകളും കുടിശ്ശികയായ 16,13,088 രൂപ ഈടാക്കുന്നതിനായി സെപ്റ്റംബര്‍ 16ന് രാവിലെ 11 ന് അരിയല്ലൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

ക്ഷേമനിധി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണം അവസാനിപ്പിക്കണം
മലപ്പുറം: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ തൊഴിലാളികള്‍ അടച്ച തുക കാണാനില്ല എന്ന വാര്‍ത്ത അസത്യവും ദുഷ്പ്രചരണവുമാണെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി കെ ഹരികൃഷ്ണന്‍ അറിയിച്ചു. ഓട്ടോ തൊഴിലാളികള്‍ ക്ഷേമനിധി വിഹിതമായി അടച്ച 553.2 കോടി രൂപ കാണാനില്ല എന്ന വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. 1985 ല്‍ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത് കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും 2005 ല്‍ ഭേദഗതി ചെയ്തു. 2005 മുതല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന ബോര്‍ഡാണ് മോട്ടാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. 2005 ല്‍ ഭേദഗതി പദ്ധതി നിലവില്‍ വരുമ്പോള്‍ നാമമാത്രമായ തൊഴിലാളികള്‍ മാത്രമാണ് അംഗങ്ങളായി ചേര്‍ന്നിരുന്നത്. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന 5.35 ലക്ഷം ഓട്ടോ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും 2019 ല്‍ പദ്ധതി പരിഷ്‌ക്കരിച്ചതിനു ശേഷം അംഗങ്ങളായവരാണ്.  2019 ലാണ് തൊഴിലാളി – ഉടമ വിഹിതങ്ങളിലും ആനുകൂല്യങ്ങളിലും വര്‍ദ്ധനവുണ്ടായത്.  2019 നവംബര്‍ മാസത്തിനു ശേഷമാണ് ഓട്ടോ റിക്ഷ തൊഴിലാളികളുടെ വിഹിതം 50 രൂപയില്‍ നിന്ന് 60 രൂപയായി ഉയര്‍ത്തിയത്.  ആനുകൂല്യങ്ങളില്‍ ആകര്‍ഷകമായ വര്‍ദ്ധനവ് വരുത്തുകയും  ബോര്‍ഡിന്റെ  നേതൃത്വത്തില്‍  ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ ശ്രമം നടത്തുകയും ചെയ്തതിന്റെ ഭാഗമായാണ് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  ഉണ്ടായത്.  നിലവില്‍ 12 ലക്ഷത്തിലധികം തൊഴിലാളികള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്യ ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 34428 തൊഴിലാളികള്‍  പുതുതായി ക്ഷേമനിധിയില്‍ അംഗത്വമെടുത്തു.2019 ന് ശേഷം  അംഗത്വമെടുത്തവരാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും എന്ന വസ്തുത മറച്ചു വെച്ച് ഇപ്പോള്‍  അംഗങ്ങളായവര്‍ അടകക്ം 5.35 ലക്ഷം ഓട്ടോറിക്ഷ തൊഴിലാളികള്‍ 2005 മുതല്‍ അന്ന് നിലവില്‍ ഇല്ലാതിരുന്ന 60 രൂപ വിഹിതം അടച്ചു എന്നും അങ്ങനെ ഭീമമായ തുക കണ്ടില്ലാ എന്നും പ്രചരിപ്പിക്കുന്നത് അസംഘടിതരായ മോട്ടോര്‍ തൊഴിലാളികളുടെ ആശാകേന്ദ്രമായ ക്ഷേമനിധി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഗുഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

13-09-2025

കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കായികമേള വേങ്ങരയിൽ

മലപ്പുറം: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കായികമേള സെപ്റ്റംബർ 13, 14 തീയതികളിൽ മലപ്പുറം ജില്ലയിലെ വേങ്ങര തറയിട്ടാൽ കിംഗ്സ് ടർഫിൽ വച്ച് നടത്തപ്പെടുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, ക്യാരംസ്, ബാഡ്മിന്റൺ തുടങ്ങി വിവിധ ഇനങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 300-ഓളം കായികതാരങ്ങൾ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനച്ചടങ്ങ് സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനും കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി മുഖ്യാതിഥിയായി പങ്കെടുക്കുകയും കിക്ക് ഓഫ് നടത്തുകയും ചെയ്യും.

സമാപനച്ചടങ്ങ് സെപ്റ്റംബർ 14 ഞായറാഴ്ച നടക്കും. വിജയികൾക്കുള്ള സമ്മാനദാനം രാജ്യസഭാ അംഗം പി.പി. സുനീർ നിർവഹിക്കും.

അനുശോചനം രേഖപ്പെടുത്തി 

മുൻ മന്ത്രിയും, മുതിർന്ന കോൺഗ്രസ്‌ നേതാവും, കെ എച് ആർ എ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പി പി തങ്കച്ചന്റെ നിര്യാണത്തിൽ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ചെറീദ് എയർ ലൈൻസ്, അറഫ മാനു, ഹമീദ് ഡെലിഷ്യ, ബഷീർ റോളക്സ്, ബിജു കോക്യൂറോ, റഫീഖ് സാംകോ, മുനീർ ടി ടി എം തുടങ്ങിയവർ സംസാരിച്ചു.

ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) നിയമനം

പുതുപ്പറമ്പ് ഗവ. വനിതാ  പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 17 ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കും. ടി എച്ച് എസ് എല്‍ സി, ഐ ടി ഐ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാവണം. ഫോണ്‍: 8086113717.

വാഹന ഗതാഗതം നിരോധിച്ചു

ജില്ലയില്‍ സെപ്റ്റംബര്‍ 16,17 തീയതികളില്‍ എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (II എന്‍സിഎ ഒബിസി) (കാറ്റഗറി നമ്പര്‍ 455/2024). വനിത സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (II എന്‍സിഎ-എസ്.ടി) (കാറ്റഗറി നമ്പര്‍ 515/2023) എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടക്കും. പരീക്ഷാ സമയം തീരുന്നതുവരെ  കോട്ടക്കല്‍ ബൈപ്പാസ് ഫസ്റ്റ് ആന്റ് സെക്കന്‍ഡ് റീച് റോഡില്‍ പുത്തൂര്‍ ജംഗ്ഷന്‍ മുതല്‍ രണ്ടര കിലോമീറ്റര്‍ ദൂരം വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം റോഡ് വഴി തിരിഞ്ഞു പോകണം.

മണല്‍ ലേലം

അനധികൃത മണല്‍ കടത്തിന് പിടികൂടി തിരുന്നാവായ വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ സെപ്റ്റംബര്‍ 17 ന് രാവിലെ 11.30 ന് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇന്‍ഡ്യൂറന്‍സ് ടെസ്റ്റ്

എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി)(കാറ്റഗറി നമ്പര്‍ 743/2024)
(മലപ്പുറം, കോഴിക്കോട്), സിവില്‍ എക്‌സൈസ് ഓഫീസര്‍ ( ട്രെയിനി) ബി/ ടി ( കാറ്റഗറി നമ്പര്‍ 744/2024)(കോഴിക്കോട്) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഡ്യൂറന്‍സ് ടെസ്റ്റ് ( 2.5 കി മി ദൂരം ഓട്ടം) സെപ്റ്റംബര്‍ 16,17 തീയതികളില്‍ രാവിലെ അഞ്ച് മുതല്‍ കോട്ടക്കല്‍ പുത്തൂര്‍ ബൈപ്പാസ് ജംഗ്ഷന്‍ കേന്ദ്രത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റും പി എസ് സി അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം അന്നേ ദിവസം പരീക്ഷ കേന്ദ്രമായ പുത്തൂര്‍ ജി എം എല്‍ പി സ്‌കൂളില്‍ എത്തണം.

പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളെജില്‍ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളെജില്‍ 2025-26 അധ്യയന വര്‍ഷത്തെ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസും സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ അഡ്മിഷന്‍ സ്ലിപ്പും സഹിതം രക്ഷിതാവുമായി സെപ്റ്റംബര്‍ 15 ന് രാവിലെ ഒന്‍പതിന് പോളിടെക്‌നിക് കോളേജില്‍ ഹാജരായി രജിസ്‌ട്രേഷന്‍ ചെയ്യണം. ഫോണ്‍:8714121009.

ഡി.എല്‍.എഡ് ഇന്റര്‍വ്യൂ

ഡി.എല്‍.എഡ് 2025-27 വര്‍ഷത്തെ ഗവ/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 18ന് രാവിലെ ഒന്‍പതു മുതല്‍ മലപ്പുറം ഗവ. ടി ടി ഐയില്‍ (വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് സമീപം) നടക്കും. വിശദ വിവരങ്ങള്‍ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 0483 2734888.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: കുടിശ്ശിക അടച്ച് ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

2015 സെപ്റ്റംബര്‍ മുതല്‍  2025 സെപ്റ്റംബര്‍ വരെയുള്ള 10 വര്‍ഷകാല പരിധിക്കുള്ളില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുള്ള അംശാദായം 24 മാസത്തിലധികം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായ കുടിശ്ശിക പിഴ സഹിതം ഡിസംബര്‍ 10 വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളില്‍ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ട്. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10/ രൂപ നിരക്കില്‍ പിഴ ഈടാക്കും. ഇതിനകം 60 വയസ്റ്റ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കുന്നതല്ല. കുടിശ്ശിക നിവാരണം അന്തിമമായിരിക്കും. കുടിശ്ശിക അടക്കാന്‍ എത്തുമ്പോള്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടി അംഗത്തിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ ഹാജരാക്കണം. വീണ്ടും ഇത്തരത്തില്‍ അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0483-2732001.

വാഹന ഗതാഗതം നിരോധിച്ചു

പയ്യനങ്ങാടി-പനമ്പാലം റോഡില്‍ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്റ്റംബര്‍ 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-വൈലത്തൂര്‍- കടുങ്ങാത്തുകുണ്ട് വഴി പോകണം.

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് :പ്രതിഭ പുരസ്‌കാര വിതരണം നാളെ (ശനി)

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആന്റി ഡ്രഗ് ക്യാംപയിന്‍ 2025 പ്രതിഭ പുരസ്‌കാരം നാളെ (ശനി)വിതരണം ചെയ്യും. കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍  സര്‍വകലാശാല ഓഡിറ്റോറിയത്തിലാണ് പരിപാടി. മത്സ്യബന്ധന അനുബന്ധരംഗത്തെ മുതിര്‍ന്ന പൗരന്‍മാര്‍, കലാ, കായിക, സാംസ്‌കാരിക, സാഹിത്യ രംഗത്ത് ശ്രദ്ധ നേടിയ പ്രതിഭകള്‍ തുടങ്ങിയവരെ ആദരിക്കും. 2025 ജൂലൈ വരെയുളള ക്ഷേമപദ്ധതി ധനസഹായ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായവും വിതരണം ചെയ്യും. എക്സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സും, മത്സ്യതൊഴിലാളി കുടുംബങ്ങളില്‍പ്പെട്ടവരുടെ സര്‍ഗസൃഷ്ടി പ്രകടിപ്പിക്കുന്ന സംഗീത പരിപാടിയും സംഘടിപ്പിക്കും.

കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഒൿടോബർ 7ന് നിയമസഭാ മാർച്ച്

മലപ്പുറം: പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് ഒൿടോബർ 7ന് നിയമസഭാ മാർച്ച് നടത്താൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. എല്ലാ ജനാധിപത്യ മര്യാദകളും  കാറ്റിൽപരതുകയും പെൻഷൻകാരുടെ അവകാശ നിഷേധം മുഖ മുദ്രയാക്കുകയും ചെയ്ത ഇടത് സർക്കാരിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങൾ ശക്തിപ്പെടുത്താനും  യോഗം തീരുമാനിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കരാർ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. ആശുപത്രികളുടെ എം പാനൽ ലിസ്റ്റ് പുതുക്കി നിശ്ചയിക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. മെഡിക്കൽ അനുകൂല്യങ്ങൾ സർക്കാർ പുതുക്കിയ കരാറിൽ വെട്ടിക്കുറച്ചു യോഗം ചൂണ്ടികാട്ടി.
KSRTC പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഡി എ  കുടിശ്ശിക നൽകാത്ത സംസ്ഥാനത്തെ ഏക സർക്കാർ ഇടതുപക്ഷ സർക്കാരാണ്. സർക്കാരിന്റെ സാമ്പത്തിക ധൂർതാണിത്തിന് കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി.
അന്തരിച്ച മുൻ സംസ്ഥാന ട്രഷറർ വി എം അബൂബക്കർ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേതോടിക അധ്യക്ഷത വഹിച്ചു. കെ. എസ്. പി. എൽ സംസ്ഥാന കൗൺസിൽ മീറ്റ് സെപ്റ്റംബർ 20ന് ശനിയാഴ്ച കാലത്ത് പത്തിന് മലപ്പുറം ഖാഇദേമില്ലത്ത് സെന്ററിൽ ചേരും. തെക്കൻ മേഖല യോഗം 15ന് കോട്ടയത്തും മലബാർ മേഖലയോഗം 23ന് കോഴിക്കോട്ടും വിളിച്ചു ചേർക്കും. കെ. എസ്. പി. എൽ സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കോഴിക്കോട്ട് നടത്തും.
 എം കെ സൈനുദ്ദീൻ സ്വാഗതം ആശംസിച്ചു, സെക്രട്ടറി എൻ. മൊയ്തീൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ നസീം ഹരിപ്പാട് സമരപരിപാടികൾ വിശദീകരിച്ചു. സെക്രട്ടറി എ എം അബൂബക്കർ സമ്മേളന നടപടിക്രമങ്ങൾ വിശദീകരിച്ചു. ട്രഷറർ പി വി അബ്ദുറഹിമാൻ, ടി മുഹമ്മദ് മാസ്റ്റർ, എൻ എ ഇസ്മായിൽ, മൂസ കോയ കൊണ്ടോട്ടി, അഡ്വ:AD ഇബ്രാഹിം. ഷാജഹാൻ കടുത്തുരുത്തി, യു സൈനുദ്ദീൻ, സി. അബൂബക്കർ മാസ്റ്റർ, അബ്ദുല്ല വാവൂർ,  T.P.M തങ്ങൾ, NC അബ്ദുൽ ഖാദർ, സി എച്ച് ജലീൽ, എം ഹമീദ്, പി എ കൊച്ചു മൊയ്തീൻ, അബ്ദുൽ കരീം കോചേരി, എ കെ മുഹമ്മദലി, വി ടി ഉമ്മർ, എ അബ്ദുൽ കരീം, കെ അബ്ദുൽ ഖാദർ പ്രസംഗിച്ചു.

12-09-2025

വ്യവസായ കുതിപ്പിനൊരുങ്ങി മലപ്പുറം ജില്ല ; 2700 കോടിയുടെ നിക്ഷേപം

വ്യവസായ മേഖലയിൽ വൻ കുതിപ്പിന് വെളിച്ചം വീശി നിക്ഷേപ സംഗമം. 2700 കോടിയുടെ പദ്ധതിയാണ് ‘ എമർജിംഗ് മലപ്പുറം ‘ നിക്ഷേപ സംഗമ പദ്ധതിയിൽ അവതരിപ്പിച്ചത്. ടൂറിസം, ഐടി, ആരോഗ്യം, കാർഷികം, ഭക്ഷ്യോത്പന്നം, ടൗൺഷിപ്പ്, ഫർണിച്ചർ ,ആഭരണ നിർമാണം തുടങ്ങി 28 വൻകിട പദ്ധതികളാണ് തുടക്കം കുറിക്കുന്നത്. ഒരു കോടി മുതൽ 840 കോടി വരെ നിക്ഷേപമുള്ളതാണ് ഓരോ പദ്ധതികളും. പതിനായിരം പേർക്ക് പ്രത്യക്ഷ്യമായും 15000 പേർക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതികൾ. കാക്കഞ്ചേരിയിൽ തുടക്കും കുറിക്കുന്ന തുലാഹ് വെൽനസ് സാങ്ച്വറിക്കായി 840 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 740 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന ഹുസൈൻ സിറ്റി, 229 കോടി പ്രതീക്ഷിക്കുന്ന അൽമാസ് ഹെൽത്ത് ഹബ്, 200 കോടിയുടെ ജെഎസ്ആർ ഡീഡ് എന്നിവയാണ് മറ്റു വൻകിട പദ്ധതികൾ

ഖത്തറിലെ ഇസ്രായേൽ അക്രമം; എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം: ഖത്തറിലെ ഇസ്രായേൽ അക്രമം; സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, മുസ്തഫ പാമങ്ങാടൻ, കെകെ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. പികെ സുജീർ, ഇർഷാദ് മൊറയൂർ, ഹംസ തലകാപ്പ്, സിപി നസറുദ്ദീൻ, മുജീബ് മാസ്റ്റർ, ഷറഫുദ്ദീൻ, യൂനുസ് വെന്തോടി, അക്ബർ മോങ്ങം, വിടി റഷീദ് എന്നിവർ നേതൃത്വം നൽകി.

തൊഴിലാളി ക്ഷേമനിധി പദ്ധതി: അംഗത്വ രജിസ്‌ട്രേഷന്‍ പരിശീലനം സംഘടിപ്പിച്ചു.

കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി, അംഗത്വ രജിസ്‌ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അര്‍ധദിന ജില്ലാതല പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വ്വഹിച്ചു. ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ അധ്യക്ഷര്‍, അംഗത്വ രജിസ്‌ട്രേഷന്‍ പരിശോധിച്ച അര്‍ഹത ശുപാര്‍ശ ചെയ്യുന്നതിന് ചുമതലയുള്ള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ എ. ലാസര്‍, ജില്ലാ ക്ഷേമനിധി ഓഫീസര്‍/മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുള്‍ കലാം മാസ്റ്റര്‍, മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാന്‍, ജില്ലാ ഐടിപി റീന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വായ്പമേളയും ബോധവല്‍ക്കരണ ക്യാംപും നടന്നു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലഘു വായ്പാ പദ്ധതിയില്‍ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സി ഡി എസിന് അനുവദിച്ച 69,50,000/ രൂപ വായ്പയുടെ വിതരണവും സംരംഭകത്വ പരിശീലന ക്യാംപും തൃക്കലങ്ങോട് പൊതുജന വായനശാല കോണ്‍ഫറന്‍സ് ഹാളില്‍  നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ജയപ്രകാശ് ബാബു വിന്റെ അധ്യക്ഷതയില്‍ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. ജലാലുദ്ദീന്‍ വ്യക്തിഗത വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് എന്‍ ബി സി എഫ് ഡി സി  യുടെ സാമ്പത്തിക സഹായത്തോടെ നടന്ന ഏകദിന സംരംഭകത്വ പരിശിലന ക്യാംപില്‍ കെ എസ് ബി സി ഡി സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി. മുഹമ്മദ് ഹനീഫ, മുഹമ്മദ് സലീഖ്, സനല ശിവദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സീന രാജന്‍, ഷിഫാനാ ബഷീര്‍, വാര്‍ഡ് മെമ്പര്‍ ജസീര്‍ കുരിക്കള്‍, സിഡിഎസ് ഉപജീവന ഉപ സമിതി കണ്‍വീനര്‍ സത്യവതി, പൊതുജന വായനശാല സെക്രട്ടറി ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. തൃക്കലങ്ങോട് സി ഡി എസ് ചെയര്‍പേഴ്സണ്‍ സി. സജിനി  സ്വാഗതവും കെ എസ് ബി സി ഡി സി പ്രൊജക്ട് അസിസ്റ്റന്റ് അബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.

സ്മൃതിസംഗമം ശനിയാഴ്ച്ച

മലപ്പുറം: ഗവ.കോളെജ് മലപ്പുറം 1972-80 ബാച്ചസ് അലംനൈ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സ്മൃതിസംഗമം -2025
ശനിയാഴ്ച്ച മുണ്ടുപറമ്പ് കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് പ്രിന്‍സിപ്പാള്‍ ഡോ. സൈനുല്‍ ആബിദ് കോട്ട ഉദ്ഘാടനം ചെയ്യും. വാര്‍ഷിക ജനറല്‍ ബോഡിക്കുശേഷം  കുടുംബസംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാ പരിപാടികളും അരങ്ങേറും

11-09-2025

വ്യാവസായിക മുന്നേറ്റത്തിനായി എമര്‍ജിംഗ് മലപ്പുറം

വന്‍ വ്യാവസായിക മുന്നേറ്റമെന്ന ലക്ഷ്യവുമായി 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം നാളെ (വ്യാഴം) വൈകുന്നേരം നാലിന് മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും.

20 കോടി മുതല്‍ 1500 കോടി വരെ നിക്ഷേപം നടത്തുന്നതിന് തയ്യാറായ 30 ഓളം സംരഭകര്‍ അവരുടെ പ്രൊജക്ടുകള്‍  അവതരിപ്പിക്കും. സ്പോര്‍ട്സ് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ്. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, ജില്ലയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങള്‍, ജില്ലയിലെ പ്രധാന വകുപ്പുകളിലെ ഓഫീസ് മേധാവികള്‍, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാര്‍ത്താസമ്മേളനവും വുഡ്ബൈന്‍ ഫോലിയേജില്‍ നടക്കും.

2243.74 കോടി നിക്ഷേപവും 76521 തൊഴിലവസരങ്ങളുമായി സംരംഭക വര്‍ഷം പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്.

ലോക സാക്ഷരതാ വാരാചരണ ജില്ലാതല സമാപനം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറും തദ്ദേശ സ്വയം ഭരണ വകുപ്പും സാക്ഷരത മിഷൻ അതോറിറ്റിയും ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി ലോക സാക്ഷരതാ വാരാചരണ ജില്ലാതല സമാപനം സംഘടിപ്പിച്ചു. സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം  ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് സമ്പൂർണ്ണ പത്താംതരം തുല്യത പദ്ധതി പഠിതാക്കളുടെ സംഗമവും നടന്നു. പത്ത്, പ്ലസ് വൺ, പ്ലസ്  ടു, ബ്രെയിൽ തുല്യത പഠിതാക്കളായ നൂറോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രോജക്ട് ഫണ്ട് ചെക്ക് കൈമാറൽ, ദീപ്തി ബ്രെയിൽ സാക്ഷരത പഠിതാക്കളെയും സെന്റർ കോർഡിനേറ്റർമാരെയും ആദരിക്കൽ, വായന ദിനാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര വിതരണം, ഒൻപതാം ബാച്ച്, പ്ലസ് ടു ജില്ലാതല ക്ലാസ് ഉദ്ഘാടനം എന്നീ പരിപാടികളും നടന്നു. ഹയർസെക്കൻഡറി പഠിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീർ, സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ദീപ ജെയിംസ്, വിജയഭേരി കോർഡിനേറ്റർ ടി. സലീം, ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ്, സാക്ഷരത മിഷൻ അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍-അഭിമുഖം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 20ന് രാവിലെ പത്തിന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. ബി.എസ്.സി നഴ്സിങ്/ജിഎന്‍എം, കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ പ്രവൃത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ബി.എസ്.സി. എംഎല്‍ടി/ഡിഎംഎല്‍ടി (കേരള ഗവ. അംഗീകൃതം), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, ബ്ലഡ് ബാങ്കില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസില്‍ നല്‍കണം. ഫോണ്‍: 04933226322.

ഏലംകുളം കുടിവെള്ള പദ്ധതി പ്രഖ്യാപനം വെള്ളിയാഴ്ച (സെപ്റ്റംബര്‍ 12)

ഏലംകുളം ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയുടെ സമര്‍പ്പണം വെള്ളിയാഴ്ച (സെപ്റ്റംബര്‍ 12) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കേന്ദ്ര-സംസ്ഥാന പദ്ധതിയായ ജല ജീവന്‍ മിഷന്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി 16.36 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഏലംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും അങ്കണവാടികളിലും സ്‌കൂളുകളിലും  ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കിയാണ്  പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഏലംകുളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉച്ചയ്ക്ക്  രണ്ടിന് നടക്കുന്ന പരിപാടിയില്‍  നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി  മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് എന്നിവര്‍ പങ്കെടുക്കും.

കോടികള്‍ കൊയ്ത് കുടുംബശ്രീ-ഓണം വിപണിയിലൂടെ നേടിയത് 3.90 കോടി രൂപ

ഇത്തവണത്തെ ഓണം വിപണിയിലൂടെ കുടുംബശ്രീ  നേടിയത്  3.90 കോടി രൂപ. ജില്ലാതല ഓണച്ചന്തയില്‍ നിന്നും, സിഡിഎസ് ഓണച്ചന്തകളില്‍ നിന്നുമായി 3.18 കോടി രൂപ, ജില്ലാതല ഭക്ഷ്യമേളയില്‍ നിന്നും 6.50 ലക്ഷം രൂപ, ജില്ലയിലെ 15 ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുത്ത 30 കഫെ കാറ്ററിംഗ് യൂണിറ്റുകള്‍ വിപണനം ചെയ്ത 5650 ഓണസദ്യകള്‍ വഴി ഒന്‍പതു ലക്ഷം രൂപ, സിഡിഎസുകള്‍ വഴി വിപണനം ചെയ്ത 9000 ഓണകിറ്റുകള്‍ വഴി 42 ലക്ഷം രൂപ, ഓണ്‍ലൈനായി വിപണനം ചെയ്ത 430 ഓണ കിറ്റുകള്‍ വഴി 3.60 ലക്ഷം രൂപ, പൂകൃഷിയിലൂടെ 13.19 ലക്ഷം രൂപ എന്നിങ്ങനെയാണ്  കുടുംബശ്രീ  3.90 കോടി രൂപ നേടിയത്. ഓണം മുന്നില്‍ക്കണ്ട് ജില്ലയിലെ 111 സി ഡി എസുകളിലായി തുടക്കം കുറിച്ച 182 ഓണച്ചന്തകള്‍, വള്ളിക്കുന്നില്‍ സംഘടിപ്പിച്ച ജില്ലാതല ഓണച്ചന്ത, ഭക്ഷ്യമേള,  പോക്കറ്റ് മാര്‍ക്ക് ആപ്പിലൂടെ ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയും വിപണനം ചെയ്ത ഓണക്കിറ്റ്, കുടുംബശ്രീ സംരംഭകര്‍ ഓര്‍ഡറുകള്‍ക്കനുസരിച്ച് തയ്യാറാക്കി വിപണനം ചെയ്ത ഓണസദ്യ, കാര്‍ഷിക മേഖലയില്‍ 77 സിഡിഎസുകളിലായി 99.9 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി എന്നിവ വലിയ വിജയമായി മാറി.

മണല്‍ ലേലം

അനധികൃത മണല്‍ കടത്തിന് പിടികൂടി തിരൂര്‍ ഡി വൈ എസ് പി ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11 ന് തിരൂര്‍ ഡി വൈ എസ് പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 0494 2422238.


ലേലം.

കുടിശ്ശിക തുകയായ 67000 രൂപ ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കില്‍ വെള്ളയൂര്‍ വില്ലേജില്‍ ബ്ലോക്ക് 137ല്‍ റീ സര്‍വ്വേ 105/511 ല്‍ 0.0197 ഹെക്ടര്‍ ഭൂമി ഒക്ടോബര്‍ എട്ടിന് രാവിലെ 11ന് വെള്ളയൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

ലേലം

കുടിശ്ശിക തുകയായ 10,53,000 ഈടാക്കുന്നതിനായി നിലമ്പൂര്‍ താലൂക്കില്‍ ചുങ്കത്തറ വില്ലേജില്‍ ബ്ലോക്ക് 95ല്‍ റീ സര്‍വ്വേ 85/2 ല്‍  0.0202 ഹെക്ടര്‍ സ്ഥലവും 6/ 36എ നമ്പര്‍ കെട്ടിടവും ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11ന് ചുങ്കത്തറ വില്ലേജ് ഓഫീസ് പരിസരത്ത്  ലേലം ചെയ്യും.

യുപിഎസ് ബാറ്ററി ലേലം.

ജില്ലാ സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ യുപിഎസ് ബാറ്ററികളും ഇലക്ട്രിക് ഉപകരണങ്ങളും ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0483 2734912.

ജലവിതരണം തടസ്സപ്പെടും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരള ജല അതോറിറ്റിയുടെ മലപ്പുറം സെക്ഷന്‍ രണ്ടിനു കീഴിലുള്ള വിവിധ ജലസംഭരണികള്‍ വൃത്തിയാക്കുന്നതിനാല്‍ മലപ്പുറം മുനിസിപ്പല്‍ പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളിലും സെപ്റ്റംബര്‍ 13, 14 തീയതികളില്‍ ജലവിതരണം പൂര്‍ണമായും തടസ്സപ്പെടും.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12ന് നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അതാത് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/കേരള ഗവ. എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ്/വിഎച്ച്എസ്ഇ കോഴ്സ് ഇവയിലേതെങ്കിലും പാസായിരിക്കണം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍:  9446388895, 9947299075.

അധ്യാപക നിയമനം

മലപ്പുറം ഗവ. ഗേള്‍സ് എച്ച് എസ് എസില്‍ എച്ച് എസ് ടി (ഹിന്ദി), യു പി സ്‌കൂള്‍ ടീച്ചര്‍ എന്നീ വിഭാഗങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ സെപ്റ്റംബര്‍ 12ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാവണം. ഫോണ്‍ :9747089544.

തൊഴിലാളി ക്ഷേമനിധി പദ്ധതി: അംഗത്വ രജിസ്ട്രേഷന്‍

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി, അംഗത്വ രജിസ്ട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് അര്‍ധദിന ജില്ലാതല പരിശീലനം നാളെ (വ്യാഴം) രാവിലെ 10.30 ന് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടക്കും. ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ അധ്യക്ഷന്‍, അംഗത്വ രജിസ്ട്രേഷന്‍ പരിശോധിച്ച് അര്‍ഹത ശുപാര്‍ശ ചെയ്യുന്നതിന് ചുമതലയുള്ള പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, നഗരസഭ സെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.

സൈക്യാട്രിസ്റ്റ് അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യദൗത്യം മലപ്പുറം അര്‍ബന്‍ പോളിക്ലിനിക്കിലേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25 നകം https://forms.gle/fJBpEvQvhzeEvLpm9 എന്ന ലിങ്ക് വഴി  അപേക്ഷിക്കണം. ഫോണ്‍: 9846700711, 0483 2730313.

ഓണം വാരാഘോഷം സമാപിച്ചു

സംസ്‌ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെയും ജില്ലാ ടൂറിസം വകുപ്പിൻ്റെയും നേതൃത്വത്തിൽ കോട്ടക്കുന്നിൽ നടന്ന ഓണം വാരാഘോഷം സമാപിച്ചു. ആറ് ദിവസങ്ങളിലായി നടന്ന പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് എത്തിയത്. സമാപന സമ്മേളനം ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ അസിസ്റ്റൻ്റ് കെ വരുൺ, കെയർടേകർ അൻവർ ആയമോൻ എന്നിവർ സംസാരിച്ചു. പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിച്ച ‘ മ്യൂസിക് ഇവൻ്റ് ‘ സമാപന ദിവസത്തെ ആഘോഷമാക്കി. പ്രവർത്തി ദിവസമായിട്ടും നിരവധി പേരാണ് കുടുംബ സമേതം പരിപാടി വീക്ഷിക്കാൻ കോട്ടക്കുന്നിൽ എത്തിയത്.

10-09-2025

ജില്ലയില്‍ 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11ന്,

ജില്ലയില്‍ ഒരു വര്‍ഷത്തിനകം 3500 കോടി രൂപയുടെ നിക്ഷേപവും 2000 തൊഴിലവസരങ്ങളുമായി നിക്ഷേപക സംഗമം സെപ്റ്റംബര്‍ 11ന് വൈകുന്നേരം നാലിന് മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലയില്‍ നിന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്തവരും  ജില്ലയില്‍ 20 കോടിയില്‍ അധികം നിക്ഷേപം നടത്തുന്നവരുമായ വ്യവസായികളുടെ നേതൃത്വത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് സംരംഭകരുടെ സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയില്‍ വരാന്‍ പോകുന്ന സംരംഭങ്ങളെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും, നിക്ഷേപ സാധ്യതകള്‍ അറിയിക്കുന്നതിനുമായാണ് സംഗമം നടത്തുന്നത്. വൈകുന്നേരം ഏഴിന് മന്ത്രി പി.രാജീവിന്റെ വാര്‍ത്താസമ്മേളനവും വുഡ്‌ബൈന്‍ ഫോലിയേജില്‍ നടക്കും. കായിക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ വിഷ്ണുരാജ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ ഡോ. കെ.എസ്. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ്, വിവിധ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പിന്നോക്ക വികസന കോര്‍പറേഷന്‍ വായ്പാ മേളയും ബോധവത്കരണ ക്യാംപും.

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ലഘു വായ്പാ പദ്ധതിയില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സിഡിഎസിന് അനുവദിച്ച വായ്പാ വിതരണ ഉദ്ഘാടനം സെപ്റ്റംബര്‍ 11ന് രാവിലെ 10ന് തൃക്കലങ്ങോട് പൊതുജന വായനശാല കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് ഒ ബി സി, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കോര്‍പറേഷന്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതികളെക്കുറിച്ച് പരമാവധി അവബോധം സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുമായി എന്‍ ബി സി എഫ് ഡി സിയുടെ സാമ്പത്തിക സഹായത്തോടെ ഏകദിന സംരംഭകത്വ പരിശീലന ക്യാംപും നടക്കും. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളുമുണ്ടാകും.

വൈദ്യുതി മുടങ്ങും

മേലാറ്റൂര്‍ 110 കെവി  സബ്സ്റ്റേഷനില്‍ നവീകരണം നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 10)  രാവിലെ എട്ട് മുതല്‍  വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

തൊഴില്‍ അധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വേർ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേർ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്ന കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വേർ), ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് കോഴ്സുകള്‍ക്കും എസ് എസ് എല്‍ സി  യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വേർ ആന്റ് നെറ്റ് വർക്ക് മെയിന്റനന്‍സ് എന്നീ കോഴ്സുകള്‍ക്കും അപേക്ഷിക്കാം. എസ് സി/എസ് ടി /ഒ ഇ സി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ https://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 9846091962.


ലോക സാക്ഷരതാ വാരാചരണം- ജില്ലാതല സമാപനം

ലോക സാക്ഷരതാ വാരാചരണം- ജില്ലാതല സമാപനം നാളെ (ബുധന്‍) രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ പത്താംതരം തുല്യതാ പദ്ധതി – പഠിതാക്കളുടെ സംഗമം, ജില്ലാ പഞ്ചായത്ത് പ്രൊജക്ട് ഫണ്ട് കൈമാറല്‍, ദീപ്തി ബ്രെയില്‍ സാക്ഷരതാ പഠിതാക്കളെ ആദരിക്കല്‍, വായനാദിനാചരണത്തില്‍ വിജയികളായ തുല്യതാ പഠിതാക്കള്‍ക്കുള്ള ഉപഹാര വിതരണം, ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം (ഒന്‍പതാം ബാച്ച്) ജില്ലാതല ക്ലാസ് ഉദ്ഘാടനം എന്നീ പരിപാടികളും നടക്കും.

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സിന് അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള ത്രിദിന വിവാഹപൂര്‍വ്വ കൗണ്‍സിലിംങ് കോഴ്സ് നടത്തുന്നതിന് സര്‍ക്കാര്‍/എയ്ഡഡ്/അഫിലിയേറ്റഡ് കോളേജുകള്‍, അംഗീകാരമുള്ള സംഘടനകള്‍, മഹല്ല്- ചര്‍ച്ച് കമ്മറ്റികള്‍ തുടങ്ങിയവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ന്യൂനപക്ഷ-യുവജന പരിശീലന കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷകള്‍ സെപ്റ്റംബര്‍ 14 വരെ അതത് കേന്ദ്രങ്ങളിലെ ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- വേങ്ങര (9895238815, 9072045179), പെരിന്തല്‍മണ്ണ (8301071846), വളാഞ്ചേരി (9747382154, 8301071846), പൊന്നാനി (9072045179), ആലത്തിയൂര്‍ (9895733289) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ദര്‍ഘാസ് ക്ഷണിച്ചു

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റുകളും പരിശോധന സ്ട്രിപ്പുകളും ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ആവശ്യാനുസരണം വിതരണം ചെയാന്‍ തയ്യാറുള്ള നിര്‍മാതാക്കളില്‍ നിന്നും മൊത്തം വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11ന് മുമ്പ് ദര്‍ഘാസ് നല്‍കണം. ദര്‍ഘാസ് ഫോം കൊണ്ടോട്ടി മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0483 2710586.

വാര്‍ഡ് സംവരണം: തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം സെപ്തംബര്‍ 26ന്.
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ സംവരണം നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും സെപ്തംബര്‍ 26ന് ഓണ്‍ലൈന്‍ പരിശീലനം നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറും മുനിസിപ്പാലിറ്റികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും, കോര്‍പ്പറേഷനുകളില്‍  തദ്ദേശ സ്വയം ഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറുമാണ്.

ട്രേഡ്സ്മാന്‍ ഒഴിവ്.

മഞ്ചേരി ഗവ. പോളിടെക്നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ബ്രാഞ്ചിലെ ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15ന് രാവിലെ 9.30ന് കോളേജില്‍ വച്ച് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ/വി എച്ച് എസ് ഇ/ടി എച്ച് എസ് എല്‍ സി യുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.gptcmanjeri.in, ഫോണ്‍: 0483 2763550.

ഡിഗ്രി സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ഗവ. കോളേജില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്സ് കോഴ്സിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സ്റ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി നാളെ (ബുധന്‍) രാവിലെ 10ന് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോൺ: 0483-2734918.

പോഷ് ആക്ട് ബോധവല്‍ക്കരണ പരിപാടി നടത്തും

ജില്ലയിലെ വനിതാ ശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിധിയിലെ എല്ലാ വകുപ്പുകളിലും പോഷ് ആക്ട് നിയമപ്രകാരം രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റിയംഗങ്ങള്‍ക്കായി സെപ്റ്റംബര്‍ 12 ന് രാവിലെ 10ന് ആസൂത്രണ സമിതി ഹാളില്‍ പോഷ് ആക്ട് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ 10ന് വൈകുന്നേരം അഞ്ചിന് മുന്‍പായി https://forms.gle/PX782JBcvKkHM-AK79 എന്ന ലിങ്കില്‍ ലഭ്യമാക്കണം. ഫോണ്‍: 0483 2950084.

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24ന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0483 2950084.

ഫിഷറീസ് വകുപ്പില്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിലെ സാഫില്‍ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍ വുമണ്‍) ദിവസ വേതനാടിസ്ഥാനത്തില്‍ മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 12 ന് നടക്കും. രാവിലെ 11 നും ഉച്ചക്ക് ഒന്നിനുമുള്ളില്‍ മലപ്പുറം ഉണ്ണിയാലുള്ള ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററിലാണ് അഭിമുഖം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം എസ് ഡബ്ലിയു/എം ബി എ മാര്‍ക്കറ്റിംഗ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവര്‍  അഭിമുഖത്തിന് ഹാജരാകണം.

ലീഗല്‍ കൗണ്‍സലറെ ആവശ്യമുണ്ട്.

വനിത ശിശു വികസന വകുപ്പിന് കീഴില്‍ മലപ്പുറം മൈലപ്പുറം കിളിയമണ്ണില്‍ ക്വാര്‍ട്ടേഴ്സില്‍ എം.ഈ.ടി. നടത്തുന്ന സര്‍വീസ് പ്രൊവൈഡിങ് സെന്ററിലേക്ക് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലീഗല്‍ കൗണ്‍സലറെ ആവശ്യമുണ്ട്. നിയമ ബിരുദവും സ്ത്രീ പക്ഷ കാഴ്ചപ്പാടുമുള്ള മലപ്പുറം നഗരസഭ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13നകം അപേക്ഷ  metcalicut@gmail.com എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍:8714273365.

പ്രവാസി ലീഗ് സംസ്ഥാന കണ്‍വെന്‍ഷന്‍.

കോട്ടക്കല്‍ :നാഷണല്‍ പ്രവാസി ലീഗ് (എന്‍ പി എല്‍ )സംസ്ഥാന കണ്‍വെന്‍ഷന്‍ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് (നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു.ടി ബഷീര്‍ അഹ്മദ് ബേപൂര്‍ (എന്‍ പി എല്‍ സംസ്ഥാന പ്രസിഡന്റ് അദ്യക്ഷത വഹിച്ചു.പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് (നോര്‍ക്കറൂട്‌സ് സെന്റര്‍ മാനേജര്‍ സി. രവീന്ദ്രന്‍ ക്ലാസ്സെടുത്തു.നാസര്‍ കോയ തങ്ങള്‍.എന്‍ കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബദേരി.ഒ പി ഐ കോയ.സാലിഹ് ശിഹാബ് തങ്ങള്‍.കെ കെ മുഹമ്മദ് മാസ്റ്റര്‍., നസീമ ജമാലുദ്ധീന്‍,ബഷീര്‍ കൊടുവള്ളി. മുഹമ്മദലി പൊന്മളതൊടി.എ പി മുഹമ്മദ് കുട്ടി.മൊയ്ദീന്‍ ഹാജി, ഷെര്‍മദ് ഖാന്‍.റഫീഖ് അഴിയൂര്‍. എന്നിവര്‍ പ്രസംഗിച്ചു. ബി കെ സലീം ബേക്കല്‍ സ്വാഗതവും സലീം പാടത്ത് നന്ദിയും പറഞ്ഞു.

മൂക്കുതല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക്ക് ട്രാക്കും നാച്ചുറൽ ഫുട്ബോൾ ടർഫും ഉദ്ഘാടനം ചെയ്തു.

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും നാച്ചുറൽ ഫുട്ബോൾ ടർഫിന്റെയും ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ നിർവഹിച്ചു. മൂന്നു കോടി രൂപ ചെലവിലാണ് 200 മീറ്ററുള്ള സിന്തറ്റിക്ക് ട്രാക്ക് നിർമിചച്ചത്. നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ദീൻ ചടങ്ങിൽ അധ്യക്ഷയായി.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് ചങ്ങരകുളം ഡിവിഷൻ മെമ്പർ ആരിഫാ നാസർ, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ പി പ്രവീൺ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷ സുനിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.വി കരുണാകരൻ, ആശാലത, ജമീല മനാഫ്, മെമ്പർമാരായ ജബ്ബാർ കുറ്റിയിൽ, എ.ആർ കൗസല്യ, സബിത വിനയകുമാർ, വി ഉഷ , ജില്ലാ വിദ്യാകിരണം കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, ജില്ലാ കൈറ്റ് കോഡിനേറ്റർ കെ. മുഹമ്മദ് ശരീഫ്, എടപ്പാൾ എ ഇ ഒ വി വി രമ, പ്രിൻസിപ്പൽ സി വി മണികണ്ഠൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ ജീന, തുടങ്ങി രാഷ്ട്രീയ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

09-09-2025

വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വെളിയങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി രൂപ ചെലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. നിലവാരമുള്ള പശ്ചാത്തല സൗകര്യമൊരുക്കി മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ കായിക നയത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. നിലവില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച് ഉപയോഗശൂന്യമായി കിടക്കുന്ന സ്റ്റേഡിയങ്ങള്‍ പോലെ ഇനിയുള്ളവ മാറരുത്. അതിനായി പുറത്തു നിന്നും സ്റ്റേഡിയം ഉപയോഗപ്പെടുത്തുന്നവരില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കേണ്ടതുണ്ടെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ഇന്‍ഡോര്‍ കോര്‍ട്ട്, മള്‍ട്ടിപര്‍പ്പസ് കോര്‍ട്ട്, സ്വിമ്മിങ് പൂള്‍, മഡ് ഫുട്‌ബോള്‍ കോര്‍ട്ട് തുടങ്ങിയവയാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ചടങ്ങില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേല്‍ അദ്ധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ. സുബൈര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സെയ്ദ് പുഴക്കര, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയന്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പി. പ്രിയ, വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ബേബി, പി.ടി.എ പ്രസിഡന്റ് ടി. ഗിരിവാസന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ടി. നൂര്‍ മുഹമ്മദ്, എച്ച്.എം വി. രാധിക, കൂടാതെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ പൊതുജനങ്ങളുടെ കായിക ക്ഷമത ഉയര്‍ത്തുന്നതിനും പ്രൊഫഷണല്‍ കായികരംഗത്ത് മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനുമുതകുന്ന പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കായിക വകുപ്പ് നടപ്പിലാക്കിയ’ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായാണ് വെളിയങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേഡിയം ഉയര്‍ന്നത്. ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിക്കുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം കായിക വകുപ്പ് നിര്‍വഹിക്കുന്നുണ്ട്.

ലോക ഫിസിയോതെറാപ്പി ദിനം ജില്ലാതല ഉദ്ഘാടനം നടന്നു.

ആരോഗ്യകരവും സജീവുമായ ജീവിതം വീണ്ടെടുക്കുന്നതിന് ഫിസിയോതെറാപ്പി അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക. ലോക ഫിസിയോതെറാപ്പി ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശരീര ചലനം പ്രോത്സഹിപ്പിക്കാനും വൈകല്യങ്ങള്‍ തടയാനും രോഗശാന്തിയ്ക്കും പുനരാധിവാസത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഫിസിയോതെറാപ്പിക്കുള്ള പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുകയാണ് ദിനാചരണ ലക്ഷ്യം. ‘ആരോഗ്യകരമായ വാര്‍ധക്യം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളവും വിവിധ സാമൂഹിക ബോധവത്ക്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം സൂര്യാ റീജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി സാദിഖ് അലി അധ്യക്ഷത വഹിച്ചു. സീനിയര്‍ ഫിസിയോതോറാപ്പിസ്റ്റ് സി.എച്ച്. ജലീല്‍ ക്ലാസ്സെടുത്തു, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷന്‍ ആന്റ മീഡിയ ഓഫീസര്‍ വിന്‍സന്റ് സെറില്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.ഫൈസല്‍, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍.ദിവ്യ, എം.ഷരോണ്‍, സുജമ സെബാസ്റ്റ്യന്‍, പി.സുനിത, സാജിത എന്നിവര്‍ സംസാരിച്ചു.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 16 ന് രാവിലെ 10ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഡി.എം.ഇ അപ്രൂവ്ഡ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി/ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി എന്നീ യോഗ്യതയുള്ള  കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/അംഗീകൃത ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണയുണ്ട്. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍0: 0494 2689820.

വി.എച്ച്.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവ്

പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന്
നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മുമ്പാകെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍: 9446284497.

നിലമ്പൂര്‍ എസ്റ്റേറ്റില്‍ 92 എസ്റ്റേറ്റ് വര്‍ക്കര്‍മാരുടെ ഒഴിവുകള്‍

കാര്‍ഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ നിലമ്പൂര്‍ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വര്‍ക്കര്‍മാരുടെ ഒഴിവുകളുണ്ട്. എസ്റ്റേറ്റ് ജോലികള്‍ ചെയ്യാന്‍ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. റബ്ബര്‍ ബോര്‍ഡില്‍ നിന്നോ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15ന് യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. ഫോണ്‍: 04931-222990.

ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സില്‍ സ്പോട്ട് അഡ്മിഷന്‍

എടപ്പാള്‍ ഗവ. ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 20 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. എല്ലാ ദിവസവും ഉച്ചക്ക് 12.30 വരെ അപേക്ഷകള്‍ സ്വീകരിക്കും.  താത്പര്യമുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മാറഞ്ചേരി ഗവ. ഐ.ടി.ഐ. ഓഫീസില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 9744489127.

ഡോക്ടര്‍ നിയമനം

നിറമരുതൂര്‍ ഗ്രാമ പഞ്ചായത്തിലെ തേവര്‍ക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10ന് തേവര്‍ക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

തീറ്റപ്പുല്‍ കൃഷി പരിശീലനം

മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 11ന്
രാവിലെ 10 മുതല്‍ അഞ്ചു വരെ അടിസ്ഥാന പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454 എന്ന നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനെത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കൊണ്ടുവരണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മലപ്പുറം കാളികാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ കോഴിക്കോടുള്ള ഓഫീസില്‍ സെപ്റ്റംബര്‍ 30ന് മുമ്പായി ലഭിക്കണം. ഫോണ്‍: 0495 2367735.

ജില്ലാ അഴിമതി നിവാരണ യോഗം ചേര്‍ന്നു.

ഡെപ്യൂട്ടി കളക്ടര്‍ ജനറലിന്റെ ചേമ്പറില്‍ നടന്ന ജില്ലാ അഴിമതി നിവാരണ യോഗത്തില്‍ രണ്ട് പരാതികള്‍ ലഭിച്ചു. അഴിയുമായി ബന്ധപ്പെട്ട പരാതി നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. യോഗത്തില്‍ റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍, ഡെപ്യൂട്ടി കളക്ടര്‍ ജനറല്‍ എന്‍.എം. മെഹറലി, ഹുസൂര്‍ ശിരസ്തദാര്‍ പി.കെ. വിനില്‍, ജൂനിയര്‍ സൂപ്രണ്ട് എ.പി. സിന്ധു എന്നിവര്‍ പങ്കെടുത്തു

കേരള ലോട്ടറി: വര്‍ദ്ധിപ്പിച്ച ജി എസ് ടി തുക സര്‍ക്കാര്‍ വഹിക്കണം: ഐ എന്‍ ടി യു സി

മലപ്പുറം: കേന്ദ്ര, കേരള ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജി എസ് ടി  കൗണ്‍സില്‍ ലോട്ടറി നികുതി 40 ശതമാമാനമായി  ഉയര്‍ത്തിയത് ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ഇരുട്ടടിയായി . കേരള ലോട്ടറിയെ പാവപ്പെട്ടവന്റെ ജീവിത മാര്‍ഗ്ഗമായി കാണുകയും  അവരുടെ വരുമാനം കുറയാതെ നിലനിര്‍ത്തുകയും വേണം. കേരള ലോട്ടറി ജിസ് ടി വര്‍മിപ്പിച്ച സാഹചര്യത്തില്‍ സമ്മാന ങ്ങളും വില്‍പ്പന കമ്മീഷനും കുറക്കാെതെയും വില വര്‍ദ്ധിപ്പിക്കാതെയും വര്‍ദ്ധിപ്പിച്ച ജിസ് ടി തുകയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കണം.ടിക്കറ്റ് ക്ഷാമത്തിന്റെ പേരില്‍ ഏജന്റുമാരുടെ 20 ശതമാനം ടിക്കറ്റ് കുറച്ചത് പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. ജി എസ് ടി വര്‍ദ്ധനവിന് ഭരണപക്ഷ യൂണിയനുകളും അവര്‍ക്ക് കൂട്ടുനിന്ന് സമരത്തിന് നേതൃത്വം കൊടുത്ത കെ പി സി സി  സെക്രട്ടറിയുടേയും ലാഭക്കൊതിയും ഇരട്ടത്താപ്പും ലോട്ടറി മേഖല തിരിച്ചറിയണമെന്നും ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്‌സ് അസാസിയേഷന്‍ (ഐ എന്‍ ടി യു സി ) മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഭരതന്‍ പരപ്പനങ്ങാടി അധ്യക്ഷ്യം വഹിച്ചു.സികെ രാജീവ്, ഭാസ്‌ക്കരന്‍ പുല്ലാണി, വേലയുധന്‍ ഐക്കാടന്‍, കെട്ടി രാധാകൃഷ്ണന്‍ അമ്മിനിക്കാട്, നാസര്‍ പോറൂര്‍, ബാബു മണി, എം ബാബുരാജ്, സി രവിദാസ്, ഹംസ പുത്തൂര്‍ കെ പി താ മി, സലാം പൊന്നാനി എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം മുനിസിപ്പാലിറ്റിയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രൊജക്ട് പ്രകാരം യു.എച്ച്.ഐ.ഡി കാര്‍ഡ് നിര്‍മ്മിക്കുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22ന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0483 2734866.

‘ഒരുമിച്ചോണം’ ആഘോഷവും മാജിക് ഷോ അവതരണവും

വണ്ടൂർ  : മലയാളി മജീഷ്യൻസ് അസോസിയേഷൻ (എം എം എ ) മലപ്പുറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ കാരക്കാപറമ്പ് ഗാന്ധിഭവൻ സ്നേഹാ രാമം കുടുംബാംഗങ്ങൾക്കൊപ്പം ‘ഒരുമിച്ചോണം’ ആഘോഷവും മാജിക് ഷോ അവതരണവും നടത്തി. ചടങ്ങിൽ ഗാന്ധിഭവൻ സെകട്ടറി ബാബുമണി അധ്യക്ഷത വഹിച്ചു. എം. എം. എ മലപ്പുറം ജില്ല പ്രസിഡൻ്റ് സുൽഫിമുത്തങ്ങോട്  ഉൽഘാടനം ചെയ്തു .എം എം എ  ജില്ലാ സെക്രട്ടറി കുട്ടൻസ് കോട്ടക്കൽ, ജില്ലാ ട്രഷറർ പ്രജിത് മുല്ലക്കൽ, ജില്ലാ രക്ഷാധികാരി ഇസ്ഹാക് പോരൂർ എന്നിവർ സംസാരിച്ചു.ഗാന്ധിഭവൻ രക്ഷാധികാരി സി. എച്ച് ഹംസ സ്വാഗതവും മാനേജർ സജിത നന്ദിയും പറഞ്ഞു. തുടർന്ന് മജിഷ്യൻമാരായ പ്രജിത് മുല്ലക്കൽ , കുട്ടൻസ് കോട്ടക്കൽ , എം.എം. പുതിയത്ത് ,ലത്തീഫ് കോട്ടക്കൽ , ഇസ്ഹാഖ് പോരൂർ . ഷംസുദ്ദീൻ പാണായി , കെ. പി. ആർ തിരൂർ , ഉണ്ണി മൊയ്തീൻ , അസീസ് നീറാട് ,സമീർ വണ്ടൂർ, സ്വാതി ജിത്  എന്നിവർ മാജിക് അവതരിപ്പിച്ചു.

08-09-2025

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.

മലപ്പുറം : ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജന്മദിനം എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് വിപുലമായി ആഘോഷിച്ചു.രാവിലെ യോഗം ഡയറക്ടര്‍ നല്ലാട്ട് നാരായണന്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മഞ്ഞ തൊപ്പി ധരിച്ച പീത പതാകയേന്തിയ ശ്രീനാരായണ ഭക്തന്മാര്‍ അണിനിരന്ന ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ മലപ്പുറം തൃപുരാന്ത ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ചു. മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ സമാപിച്ച ഘോഷയാത്രക്ക് യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ അനില്‍ കടവത്ത്, ബിജേഷ് അധികാരത്ത്, പ്രശോഭ് കരിങ്കപ്പാറ, ജിനേഷ് ചേങ്ങോട്ടൂര്‍, രജീഷ് മാധവന്‍, വനിത സംഘം ഭാരവാഹികളായ വസുമതി മണ്ണില്‍തൊടി, രജിത മച്ചിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രക്ക് ശേഷം മലപ്പുറം കുമാരനാശന്‍ നഗറില്‍ (പ്രശാന്ത് ഓഡിറ്റോറിയം) ചേര്‍ന്ന പൊതു സമ്മേളനത്തില്‍   മലപ്പുറം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. റിട്ട. ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ആര്‍ എല്‍. സരിത മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യാതിഥി ഡോ. ആര്‍ എല്‍ സരിത ഉപഹാരം നല്‍കി. യോഗം ഡയറക്ടര്‍ പ്രദീപ് ചുങ്കപ്പള്ളി, യൂണിയന്‍ കമ്മിറ്റി അംഗം ദാമോദരന്‍ ചാലില്‍, വൈദിക യോഗം പ്രസിഡന്റ് ഗോവിന്ദന്‍ പുറ്റേങ്ങല്‍ , വനിത സംഘം പ്രസിഡന്റ് വസുമതി മണ്ണില്‍തൊടി,  യൂത്ത് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റി അംഗം അനില്‍ കടവത്ത്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ബിജേഷ് അധികാരത്ത്, എസ് എന്‍ പി സി പ്രസിഡന്റ് സത്യസുന്ദരന്‍, എസ് എന്‍ ഇ എഫ് പ്രസിഡന്റ് എന്‍ ധര്‍മ്മരാജന്‍, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പ്രശോഭ് കരിങ്കപ്പാറ, വനിത സംഘം സെക്രട്ടറി രജിത മച്ചിങ്ങല്‍, വൈദിക യോഗം വൈസ് പ്രസിഡന്റ് കുഞ്ഞേലു, വൈദിക യോഗം ജോ. സെക്രട്ടറി കെ. മോഹനന്‍, ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി ,വിസ്മയ മച്ചിങ്ങല്‍,എന്നിവര്‍ സംസാരിച്ചു.

നബിദിന സമ്മേളനവും മിലാദ് റാലിയും നടത്തി

മലപ്പുറം : വടക്കമണ്ണ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സമ്മേളനവും മിലാദ് റാലിയും നടത്തി. മദ്രസത്തുല്‍ ഫലാഹില്‍ രാവിലെ പ്രസിഡന്റ് സി എച്ച് മൂസ്സ ഹാജി പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര, മൗലീദ് പാരായണം, വിദ്യാര്‍ത്ഥികളുടെ കലാമത്സരങ്ങള്‍, ദഫ് പരിപാടി എന്നിവ നടന്നു. നബിദിന സമ്മേളനം മഹല്ല് ഖാസി  ജാഫര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡന്റ് എം പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ടി ഉമ്മര്‍ മാസ്റ്റര്‍, ഭാരവാഹികളായ അഡ്വ. സി എച്ച് ഫസലുല്‍റഹ്്മാന്‍, കെ എന്‍ ഷാനവാസ്, പി പി ഹംസ ഹാജി,കെ. പി. ശിഹാബ്, കെ. പി. ഷാനവാസ്, എം കെ. മുഹസിന്‍, പി പി മുജീബ് റഹ്്മാന്‍, മച്ചിങ്ങല്‍ മജീദ്, പി പി അനീസ് ,സി പി ഷാഫി, പി പി മുജീബ്, എന്നിവര്‍ പ്രസംഗിച്ചു. കെ. ഷാഹിദ് ഫാളിലി, എം കെ അഹമ്മദ് കുട്ടി, പറവത്ത് സാഹിര്‍, പി. കെ. നിവാസ് എന്നിവര്‍  ഘോഷയാത്രക്ക് നേതൃത്വം നല്‍കി. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി അന്നദാനത്തോടെ സമാപിച്ചു.

ചിത്രകാരന്റെ കൈകളിലെ മാന്ത്രികവിദ്യ: മുതുകാടിനെയും അമ്മയെയും അത്ഭുതപ്പെടുത്തി പ്രജിത്ത്.

മലപ്പുറം: ഗോപിനാഥ് മുതുകാടിന്റെ അച്ഛന്‍ കുഞ്ഞുണ്ണിനായരുടെ ഛായാചിത്രം ഓണസമ്മാനമായി നല്‍കി മുതുകാടിനെയും അമ്മ ദേവകിയമ്മയെയും അത്ഭുതപ്പെടുത്തി യുവചിത്രകാരന്‍ പ്രജിത്ത്. തിരുവോണനാളില്‍ നിലമ്പൂര്‍ കവളമുക്കട്ടയിലെ തറവാട്ടുവീട്ടിലെത്തിയാണ് പ്രജിത്ത് ചിത്രം കൈമാറിയത്. മുതുകാട് തന്റെ അച്ഛനുള്ള സമര്‍പ്പണമായി ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ എന്ന  പേരില്‍ ഒരു ഇന്ദ്രജാല പരിപാടി ഇക്കഴിഞ്ഞ മാസം കോഴിക്കോട് അവതരിപ്പിച്ചിരുന്നു. പരിപാടി കണ്ട പ്രജിത്ത് മുതുകാടിന്റെ ജീവിതത്തില്‍ അച്ഛനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു വേറിട്ട സമ്മാനം നല്‍കുവാന്‍ തീരുമാനിച്ചത്. അക്രിലിക് പെയിന്റ് ഉപയോഗിച്ച് ക്യാന്‍വാസില്‍ വരച്ച ഈ ചിത്രം ഒരാഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.തിരുവോണനാളില്‍ അമൂല്യമായ ഒരു സമ്മാനം ലഭിച്ച സന്തോഷത്തിലാണ് മുതുകാടിന്റെ അമ്മ ദേവകിയമ്മ. പ്രജിത്തിന്റെ കൈകളില്‍ നിന്നും നിറകണ്ണുകളോടെയാണ് അവര്‍ ചിത്രം ഏറ്റുവാങ്ങിയത്.  പ്രജിത്തിന് ഓണസമ്മാനമായി ഓണക്കോടി നല്‍കാനും അവര്‍ മറന്നില്ല. ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഒരുപാട് ഇഷ്ടമുള്ള മുതുകാട് അങ്കിളിന്റെ അച്ഛന്റെ ചിത്രം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കലാകാരനെന്ന നിലയില്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണിതെന്നും പ്രജിത്ത് പറഞ്ഞു. മൂന്നാം വയസിലാണ്  പ്രജിത്ത് ചിത്രരചന ആരംഭിച്ചത്. നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങളില്‍ ജേതാവായ പ്രജിത്ത് കാരുണ്യ സേവന രംഗത്തും സജീവമാണ്. നിര്‍ധന രോഗികളുടെ ചികിത്സാ ചിലവിനായി ചിത്രം വരച്ചു ധനശേഖരണവും നടത്തുന്നുണ്ട് 18കാരനായ ഈ കൊച്ചു മിടുക്കന്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ പ്രമോദ്-പ്രബി ദമ്പതികളുടെ മകനാണ്.  

അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

മലപ്പുറം: മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ് സ്ക്കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ അക്കാദമി രക്ഷാധികാരിയും ദേശീയ അവാർഡ് ജേതാവും സംഗീതജ്ഞനുമായ ബാബുരാജ് കോട്ടക്കുന്ന് മലപ്പുറം നഗരസഭ കൗൺസിലർ ജയശ്രീ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പാൾ ഹസീന മലയിൽ മുഖ്യ പ്രഭാഷണം നടത്തി.അക്കാദമി ഡയറക്ടർ മജീഷ്യൻ മലയിൽ ഹംസ സ്വാഗതവും അസിസ്റ്റന്റ് ടീച്ചർ ഫെബിത കാളമ്പാടി നന്ദിയും പറഞ്ഞു.

ഓർമ്മചെപ്പ് കുടുംബ തലമുറ സംഗമം ഓണാഘോഷം നടത്തി.

മഞ്ചേരി: ചെർള വെളുത്തീരൻ – കാളി എന്നിവരുടെ കുടുംബ തലമുറ സംഗമം മഞ്ചേരി ടുറിസം പാർക്കിൽ വെച്ച് ഓണാഘോഷം നടത്തി. കുടുംബങ്ങളിൽ നിന്ന് സ്നേഹവും സഹകരണവും അന്യം നിന്ന് പോവുന്ന കാലഘട്ടത്തിൽ കുടുംബങ്ങളുടെ കൂടിച്ചേരൽ ബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നു നൂറോളം കുടുംബങ്ങൾ പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ കുടുംബ കാരണവത്തിയായ കട്ടിലപ്പറമ്പിൽ മുണ്ടിച്ചി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. രാജൻ മഞ്ചേരി, ദിപു എൻ പി, സുകുമാരൻ കെ പി, രാമചന്ദ്രൻ ചെട്ടിയങ്ങാടി, ഗോപാലൻ ഒലിപ്രം, ഉണ്ണി കൊണ്ടോട്ടി, ജയപ്രകാശ്, രാമൻ കുട്ടി, അനി അരീക്കോട് കുഞ്ഞിമോൻ എന്നിവർ നേതൃത്വം കൊടുത്ത ആഘോഷത്തിൽ ഓണപൂക്കളവും, ഓണസദ്യയും, ഓണകളികളും നടത്തി. വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് വിലാസിനി,സുജാത, പത്മാവതി, തങ്ക, കുമാരി, തങ്കമണി, വള്ളികുട്ടി, താര, പുഷ്പജ, സുമതി, ദീപ, കൊച്ചു, പൊന്നു, ഇന്തിര, യാശോധ, ബേബി എന്നിവർ നേതൃത്വം നൽകി. ബാവ മാഡംകോട് മാവേലി വേഷം കെട്ടിയത് കൗതുകമുണർത്തി.വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനം വിതരണം ചെയ്തു.

കെ പി എസ് ടി എ താനൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു

താനൂർ:ദേശീയഅധ്യാപക ദിനത്തോടനുബന്ധിച്ച്  കെ പി എസ് ടി എ താനൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരു വന്ദനം പരിപാടി സംഘടിപ്പിച്ചു. ദീർഘകാലം അധ്യാപന രംഗത്ത് ഉണ്ടായിരുന്ന സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന എസ് വി എ യു പി സ്കൂൾ ഇരിങ്ങാവൂരിലെ റിട്ടയർ  ഹെഡ്മാസ്റ്റർ  രാജൻ മാസ്റ്ററെ ആദരിച്ചു. താനാളൂർ ബ്രാഞ്ച് പ്രസിഡൻ്റ് സനീബ് കള്ളിക്കലിൻ്റെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ഷറഫുദ്ദീൻ സി പി രാജൻ മാസ്റ്ററെ ആദരിച്ചു.താനൂർ ഉപജില്ല സെക്രട്ടറി അംബിക സി സ്വാഗതം പറഞ്ഞു.  ആരിഫ മണ്ണിൽ തൊടി,അൻസു സി പി, ,  അബ്ദുൽ ജബ്ബാർ എം, സമീൽ താനാളൂർ , രഞ്ജിത് സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ടെൻഡറുകൾ നൽകാം. ഫോൺ : 7356218029.

———————————————————————————————————————————————-

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

MTN NEWS CHANNEL

Exit mobile version