Friday, October 23News That Matters

കാലിക്കറ്റ് സർവകലാശാല സെനറ്റിൽ വാക്കേറ്റവും ബഹളവും; സഭ സ്തംഭിപ്പിച്ച് ഇടതുപക്ഷം, യോഗം പിരിച്ചുവിട്ട് വി.സി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാക്കേറ്റവും ബഹളവും. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാന ചടങ്ങിന് സെനറ്റിന്റെ അംഗീകാരമില്ലെന്നും പന്തൽ നിർമ്മാണത്തിൽ ക്രമക്കേട് നടന്നുവെന്നും ആരോപിച്ചാണ് ഇടതുപക്ഷം സഭ സ്തംഭിപ്പിച്ചത്. തുടർന്ന് വി.സി. യോഗം പിരിച്ചുവിട്ടു. ഇന്നലെ നടന്ന സെനറ്റ് യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാനം സെനറ്റിന്റെ അംഗീകാരമില്ലാതെയാണ് നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഇടത് അംഗം വി.എസ്. നിഖിൽ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ഡീ.ലിറ്റ് ബിരുദദാന ചടങ്ങിനായി നിർമ്മിച്ച പന്തൽ പ്രവൃത്തിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും വാക്കേറ്റവുമുണ്ടായി.

എന്നാൽ, ഡീ.ലിറ്റ് ബിരുദദാന ചടങ്ങ് നടത്താൻ സിൻഡിക്കേറ്റ് ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നും സർവകലാശാല സ്വീകരിച്ച നടപടിക്രമങ്ങളെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ പ്രതിഷേധത്തിന് മറുപടിയായി വ്യക്തമാക്കി. ഉടൻതന്നെ അടുത്ത അജണ്ടയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും രംഗം ശാന്തമാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടത് സെനറ്റ് അംഗങ്ങൾ ബഹളം ശക്തിപ്പെടുത്തുകയും വി.സിയുടെ ചേമ്പറിന് മുമ്പിലെത്തി പ്ലക്കാർഡ് ഉയർത്തി ഉപരോധിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് യു.ഡി.എഫ് സെനറ്റംഗങ്ങളായ ടി.ജെ. മാർട്ടിൻ, സി.പി. ഹംസ, ലെഫ്. ഡോ. എ.ടി. അബ്ദുൾ ജബ്ബാർ, കബീർ മുതുപറമ്പ്, ഡോ. ആബിദ ഫാറൂഖി, അഡ്വ. എം. രാജൻ, ഡോ. കെ. വാസുദേവൻ മാസ്റ്റർ എന്നിവർ വി.സിയെ അനുകൂലിച്ച് രംഗത്തെത്തി. മറുഭാഗത്ത് ഇടത് സെനറ്റംഗങ്ങളായ എം.ബി. ഫൈസൽ, അലി നൗഫൽ, ഡോ. കെ. മുഹമ്മദ് ഹനീഫ എന്നിവരും എത്തിയതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം മൂർച്ഛിക്കുകയും ഇടത് അംഗങ്ങൾ വി.സിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒടുവിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ച് പ്രധാന അജണ്ടകൾ പാസ്സാക്കി വൈസ് ചാൻസലർ സെനറ്റ് യോഗം പിരിച്ചുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version