തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനവുമായി കായിക പ്രതിഭകൾ. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പോത്തുകല്ല് സി.എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി അനുശ്രീ മോഹൻദാസ് സ്വർണ്ണം നേടി. നിലമ്പൂർ എടക്കര ഭൂദാനം അരീക്കാട്ടിൽ വീട്ടിൽ മോഹൻദാസ്-ജിഷ ദമ്പതികളുടെ മകളാണ് അനുശ്രീ.
സബ് ജൂനിയർ ബോയ്സ് വിഭാഗം ഷോട്ട്പുട്ടിൽ അടക്കാകുണ്ട് ക്രസന്റ് എച്ച്.എസ്.എസിലെ പി. റിഫാദ് കന്നി സ്വർണം എറിഞ്ഞു നേടി. ഹാൻഡ് ബോൾ താരം കൂടിയായ റിഫാദ് മൂന്ന് കിലോഗ്രാം ഭാരമുള്ള ഷോട്ട് 10.37 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് സുവർണ്ണ നേട്ടം കൈവരിച്ചത്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലെ പ്രോമിസിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന റിഫാദ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയും വിമുക്തഭടൻ പരേതനായ സമീറിന്റെയും ഷബീബയുടെയും മകനാണ്. സ്കൂൾ കായികാധ്യാപകനും പരിശീലകനുമായ ഇ.പി. മുഹമ്മദ് ആഷിക്കിന്റെ ശിക്ഷണത്തിലാണ് താരം മത്സരത്തിനിറങ്ങിയത്.
ജൂനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ സി. നഷ്വ പുതിയ റെക്കോർഡോടെ സ്വർണ്ണം കരസ്ഥമാക്കി. 41.15 മീറ്റർ ദൂരം എറിഞ്ഞാണ് നഷ്വ റെക്കോർഡ് പുസ്തകത്തിൽ ഇടംനേടിയത്. 2023-ൽ ഇതേ സ്കൂളിലെ താരമായിരുന്ന എം. റിദ കുറിച്ച 39.78 മീറ്ററിന്റെ റെക്കോർഡാണ് നഷ്വ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വർഷവും ജില്ലയിൽ ഒന്നാമതെത്തിയ നഷ്വയെ, കൊല്ലത്ത് നടന്ന സംസ്ഥാന മീറ്റിൽ അണ്ടർ-20 ഹാമറിൽ സ്വർണം നേടിയ ദേശീയ താരം റിദയും പരിശീലിപ്പിക്കാറുണ്ട്. തിരൂർ പുറത്തൂർ മില്ലുപടി സ്വദേശിനിയായ നഷ്വ, ഓട്ടോ ഡ്രൈവറായ ചാണയിൽ നാസറിന്റെയും ഫൗസിയയുടെയും മകളാണ്.
