Monday, May 25News That Matters

ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

തേഞ്ഞിപ്പലം: കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി മതിൽ തകർക്കുകയും റോഡിലെ മലിനജലം പ്ലാന്റ് കോമ്പൗണ്ടിലേക്ക് ഒഴുക്കിവിടുകയും ചെയ്തതായി പരാതി. സംഭവത്തിൽ പ്ലാന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഏതാനും പേർ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഈ അതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. കമ്പിപ്പാരയും കൈക്കോട്ടും ഉപയോഗിച്ചാണ് ചുറ്റുമതിലിന്റെ അടിഭാഗം തകർത്തത്.പ്ലാന്റിലെ ജലസംഭരണി ഉപരിതല സംഭരണി ആയതിനാൽ, റോഡിൽ നിന്നുള്ള മലിനജലം ഉള്ളിലേക്ക് ഒഴുകിയെത്തുന്നത് സംഭരണിയിലെ ശുദ്ധീകരിച്ച കുടിവെള്ളത്തിൽ കലരാൻ വലിയ സാധ്യതയുണ്ട്. തേഞ്ഞിപ്പലം, മുന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ എന്നീ നാല് പ്രധാന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പ്ലാന്റിലാണ് ഈ വൻ അതിക്രമം നടന്നിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലൂടെയുള്ള കൃത്യമായ ശുദ്ധീകരണ പ്രക്രിയ നടക്കുന്ന ഇവിടെ മലിനജലം കലരുന്നത് ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. അതിനാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, തകർത്ത ചുറ്റുമതിൽ അക്രമികളുടെ ചെലവിൽ തന്നെ പുനർനിർമ്മിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതോടൊപ്പം പ്ലാന്റിലെ ജീവനക്കാർക്ക് ഭയമില്ലാതെ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും വാട്ടർ അതോറിറ്റി അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version