മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുൻപേ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീൻ-നദീറ ദമ്പതികളുടെ മകൾ അസ്ന (20) ആണ് മരിച്ചത്. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയാണ് അസ്ന. രണ്ട് ദിവസം മുൻപാണ് അസ്ന ചങ്ങരംകുളത്തെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അസ്നയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി പോലീസ് ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും.
