ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങിയതോടെ കോഴിക്കോട് സ്വദേശിയായ വാഹന ഉടമ കടുത്ത നിയമക്കുരുക്കിൽ. ദുബായിൽ സ്ഥാപനം നടത്തുന്ന കുറ്റ്യാടി സ്വദേശി മംഗലശ്ശേരി നൗഫലാണ് തന്റെ ജീവനക്കാരൻ വരുത്തിവെച്ച 1.2 കോടി രൂപയുടെ ഭീമമായ പിഴ ശിക്ഷയിൽ കുടുങ്ങിയത്. 2022 ഒക്ടോബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൗഫൽ അവധിക്ക് നാട്ടിലായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിന്റെ വാഹനമെടുത്ത് പുറത്തുപോവുകയായിരുന്നു.മദ്യലഹരിയിൽ ഫഹദ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് ദുബായ് പോലീസ് ഫഹദിനെ അറസ്റ്റ് ചെയ്തെങ്കിലും നിയമനടപടികൾക്കിടെ ജാമ്യത്തിലിറങ്ങിയ ഇയാൾ രഹസ്യമായി നാട്ടിലേക്ക് കടക്കുകയായിരുന്നു. കേസിൽ 1.2 കോടി രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടതോടെ വാഹന ഉടമയെന്ന നിലയിൽ നൗഫൽ ഈ തുക നൽകേണ്ടി വരുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഒളിവിൽ കഴിയുന്ന യഥാർത്ഥ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പിഴത്തുക ഈടാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് നൗഫൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
