കോട്ടക്കൽ: മുഴുവൻ സ്ത്രീ യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ, മാനദണ്ഡങ്ങൾ പാലിച്ച് 60 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും സൗജന്യ യാത്ര നൽകണമെന്ന് റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) കോട്ടക്കൽ മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡ് സുരക്ഷയും ലഹരി നിർമാർജനവും ലക്ഷ്യമിട്ട് ഒക്ടോബർ 24-ന് ശനിയാഴ്ച കോട്ടക്കലിൽ വിപുലമായ ബോധവൽക്കരണ പരിപാടിയും ലഘുലേഖ വിതരണവും നടത്താനും യോഗത്തിൽ തീരുമാനിച്ചു.
റാഫ് ജില്ലാ കമ്മിറ്റി അംഗം അസീസ് പഞ്ചിളി അധ്യക്ഷത വഹിച്ച കൺവെൻഷനും ജീവകാരുണ്യ സംഗമവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ കെ.ടി.എ. സമദ്, ഹംസ പുത്തൂർ, സി. ഷാജഹാൻ, പി. മൊയ്തീൻ ഹാജി, കെ.എം. കോയ, സി.ടി. മംഗലം, എം. ഷാനവാസ്, കെ. ഉണ്ണികൃഷ്ണൻ, പി.എം. മുഹമ്മദ്, ഷൗക്കത്ത്, കെ. മജീദ്, എ. ബഷീർ, സാബിറ ചേളാരി, സാവിത്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി രാജീവ് പുതുവിൽ സ്വാഗതവും കെ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
