തിരൂരങ്ങാടി: സാക്ഷരതാ, ഭിന്നശേഷി-സ്ത്രീ ശാക്തീകരണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് യുനെസ്കോ പുരസ്കാരവും പത്മശ്രീയും ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച കെ.വി. റാബിയയ്ക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സ്മാരക നിർമ്മാണത്തിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്മശ്രീ കെ.വി. റാബിയ വിടപറഞ്ഞിട്ട് മെയ് 4-ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ നേരത്തെ നൽകിയ നിവേദനത്തെത്തുടർന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയിരുന്നു. റാബിയയുടെ വീടും തിരൂരങ്ങാടി, ചെമ്മാട് ഭാഗങ്ങളിലെ ചില സ്ഥലങ്ങളും സന്ദർശിച്ച സംഘം തിരൂരങ്ങാടി തഹസിൽദാർ ഉൾപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി. അനുയോജ്യമായ ഭൂമി ലഭിച്ചാൽ സ്മാരകം നിർമ്മിക്കാൻ സാമൂഹ്യനീതി വകുപ്പ് സജ്ജമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അധീനതയിലുള്ള റവന്യൂ ഭൂമി ലഭ്യമാക്കുന്നതിനായി കൂട്ടായ്മ മന്ത്രിയെ കണ്ട് നിവേദനം നൽകിയത്. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികളായ പി.ടി. സുനിത, പി.കെ. സൈനബ, അമ്പിളി വേങ്ങര, വനജ, ബിനു ജയിംസ് എന്നിവരും സംബന്ധിച്ചു.
