സമസ്ത നേതാവ് ബഹാഉദ്ദീൻ നദ്‍വിക്കെതിരെ ലൈംഗിക, ലഹരി ആരോപണങ്ങളുമായി സിപിഎം നേതാവും തിരുവമ്ബാടി ഏരിയാ കമ്മിറ്റിയംഗവുമായ നാസർ കൊളായി. നദ്‍വി ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ഒരു പുസ്തകത്തെ പരാമർശിച്ച് (കാക്കനാടൻ എഴുതിയ കുടജാദ്രിയുടെ സംഗീതം) നാസർ കോളായി ആരോപിച്ചത്. ദാറുല്‍ ഹുദക്കെതിരെ മലപ്പുറം ചെമ്മാട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നാസര്‍ കൊളായിയുടെ വിവാദ പ്രസംഗം.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ; പൂർണ പബ്ലിക്കേഷനില്‍ കിട്ടുന്നൊരു പുസ്തകമുണ്ട്. പുസ്തകത്തിന്റെ പേര് ‘കുടജാദ്രിയില്‍’. ഇത് എഴുതിയാളുടെ പേര് കാക്കനാടൻ. അതില്‍ കുറെയുണ്ട്. അതില്‍ പ്രസക്തമായത് മാത്രം വായിക്കുകയാണ്. ബസ് വീണ്ടും നീങ്ങി. ‘ഒരു ബസിലുളള യാത്രയാണ്. ആര്, കാക്കനാടൻ ബസില്‍ യാത്ര ചെയ്യുന്നു. ബസില്‍ കുറെ യാത്രക്കാരുണ്ട്’.’ബസ് വീണ്ടും നീങ്ങിയപ്പോഴേക്കും നമ്മുടെ ശൃംഗാരിപ്പെണ്ണ് ഏറെ ശ്രദ്ധയാകർഷിച്ചു. അടുത്ത സീറ്റിലിരുന്ന പുരുഷനോട്, അപരിചിതനായ പുരുഷനോട് അവള്‍ സംസാരിക്കുകയും ഉച്ചത്തില്‍ ചിരിക്കുകയും ചെയ്തു. അവള്‍ ബസില്‍ നിറയാൻ തുടങ്ങി. അവളില്‍ നിന്ന് എന്റെ ശ്രദ്ധ പിടിച്ചെടുത്തത് മുൻ സീറ്റിലിരുന്ന മധ്യവയസ്‌കനായൊരു മുസ്‌ലിമാണ്. വട്ടമുഖം, നരവീണ് തുടങ്ങിയ താടി, തലപ്പാവ്, ജുബ്ബ, മുണ്ട്. എന്റെ കൈവശമുണ്ടായിരുന്ന ചില ലഘുഗ്രന്ഥങ്ങള്‍ അദ്ദേഹം വാങ്ങിനോക്കി.അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ ആദ്യ സമ്ബർക്കമുണ്ടായത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ചും സന്മാർഗത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. ഒരു വിശുദ്ധനെപ്പോലെ അഭിനയിച്ചു. പക്ഷേ പ്രവൃത്തിയില്‍ അത്ര വിശുദ്ധനല്ലെന്ന ധാരണയാണ് എനിക്കുണ്ടായത്. അയാളുടെ മുൻസീറ്റിലിരുന്ന ശൃംഗാരിപ്പെണ്ണിനോടുള്ള പെരുമാറ്റം, വിശുദ്ധന് ചേർന്നതായി തോന്നിയില്ല.ചിലപ്പോള്‍ എന്റെ നോട്ടപ്പിശക് ആകാം. വിശുദ്ധന്റെ നാവ് കുഴയുന്നുണ്ടായിരുന്നു. ഏതോ ലഹരി പദാർഥം പുള്ളിയുടെ ഉള്ളില്‍കിടന്ന് കളിക്കുന്നുണ്ടെന്ന് വ്യക്തമായിരുന്നു. അതോ ഇനി വിശ്വാസത്തിന് നാവ് കുഴക്കാൻ വേണ്ടത്ര ലഹരിയുണ്ടോ? ഇസ്‌ലാമും ക്രിസ്തുമതവും എന്നൊരു പുസ്തകം അദ്ദേഹം എനിക്ക് തന്നു. സ്വന്തം രചനയാണെന്ന് അവകാശപ്പെട്ടു. അങ്ങനെയാണ് അദ്ദേഹത്തിന്റെ പേര് ഞാൻ കണ്ടുപിടിച്ചത്. ഗ്രന്ഥകർത്താവിന്റെ പേര് ബഹാഉദ്ദീൻ കൂരിയാട്- ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍