18-08-2026
നൂറുദിന കർമ്മപദ്ധതി അവലോകനം: മലപ്പുറം ജില്ലയിൽ 602 പദ്ധതികൾ പുരോഗമിക്കുന്നു
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. ജില്ലയിൽ 50 വകുപ്പുകളിലായി 479 ഉപജീവനമാർഗ്ഗ പദ്ധതികളും 123 പശ്ചാത്തല വികസന പദ്ധതികളും ഉൾപ്പെടെ ആകെ 602 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിൽ റവന്യൂ വകുപ്പ് നിശ്ചയിച്ച ലക്ഷ്യത്തിന്റെ 70 ശതമാനവും പൂർത്തിയാക്കി. 4600 ഭൂമി തരംമാറ്റ അപേക്ഷകളിൽ 3700 എണ്ണവും, 2057 പട്ടയങ്ങളിൽ 1057 എണ്ണവും ഇതിനകം വിതരണം ചെയ്തു. കൂടാതെ ജില്ലയിൽ ഏഴ് സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം ആരംഭിക്കുകയും ആറെണ്ണത്തിന്റെ ഉദ്ഘാടനം ഉടൻ നടത്തുകയും ചെയ്യും. സ്കൂളുകളിലേക്ക് കമ്പ്യൂട്ടറുകളും വാഹനങ്ങളും വാങ്ങുന്നതിനുള്ള എം.എൽ.എ ഫണ്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും, വനത്തിനുള്ളിലെ സ്വകാര്യഭൂമിയിലുള്ളവരുടെ പുനരധിവാസ ധനസഹായ ഗഡുക്കൾ ഉടൻ വിതരണം ചെയ്യാനും, എടവണ്ണ ഹാച്ചറിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കാനും മന്ത്രി നിർദ്ദേശം നൽകി. ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തി യാഥാർത്ഥ്യം മനസ്സിലാക്കി നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഓഗസ്റ്റ് 26 മുതൽ 30 വരെ ജില്ലാ ആസ്ഥാനത്ത് വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എ.ഡി.എം. സാദിഖ് പി.ഒ., സബ് കളക്ടർമാരായ ദിലീപ് കെ. കൈനിക്കര, സാക്ഷി മോഹൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഭക്ഷ്യഭദ്രതാ നിയമം: ജില്ലാ പരാതി പരിഹാര സമിതി അവലോകന യോഗം ചേർന്നു
കൃഷിനാശ ധനസഹായം: അപേക്ഷാ തീയതി സെപ്റ്റംബര്‍ അഞ്ച് വരെ നീട്ടി
ജൂലൈ 29 മുതല്‍ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ ജില്ലയിലുള്‍പ്പെടെ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ അഞ്ച് വരെ നീട്ടി. അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപക നഷ്ടമുണ്ടായ സാഹചര്യത്തില്‍ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും ആശ്വാസമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പുതുക്കിയ തീയതി പ്രകാരം എ.ഐ.എം.എസ് പോര്‍ട്ടലില്‍ (aims.kerala.gov.in) അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത കര്‍ഷകര്‍ പോര്‍ട്ടല്‍ വഴിയോ അതാത് കൃഷിഭവനുകളുമായി ബന്ധപ്പെട്ടോ നിശ്ചിത തീയതിക്കകം അപേക്ഷ നല്‍കണം.
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ലക്ചറർ നിയമനം: അഭിമുഖം 20-ന്
മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്ന് നഴ്‌സിങ് വിഭാഗത്തിൽ പി.ജിയും കെ.എൻ.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ആകെ 13 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പൻഡ് 32,000 രൂപ. സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം ആഗസ്റ്റ് 20-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാവണം. ഫോണ്‍: 0483 2765057.
സ്പോട്ട് അഡ്മിഷന്‍
എടപ്പാള്‍ ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്നീഷ്യന്‍ (ഇലക്ട്രിക്കല്‍) എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 21 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് 12.30 നകം സ്ഥാപനത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോൺ: 7558852185.
ഏവിയേഷന്‍ കോഴ്‌സ് പ്രവേശനം
അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ് ആന്‍ഡ് എയര്‍ലൈന്‍ കാബിന്‍ ക്രൂ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഫോണ്‍: 9037723093.
ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയവർക്ക് നൽകുന്ന ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, സി.ബി.എസ്.ഇ വിഭാഗത്തിൽ എ 1 , ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിന് മുകളിലും മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. കൂടാതെ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം (പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ) കോഴ്സുകളിൽ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും, കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കും ക്യാഷ് അവാർഡിന് അർഹതയുണ്ട്. അർഹരായവർ peedika.kerala.gov.in വഴി ഓൺലൈനായി ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 0483 2734409.
മസ്റ്ററിങ് പൂർത്തിയാക്കണം
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് മലപ്പുറം ജില്ലാ ഓഫീസിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30 നകം ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734409.
പച്ചമലയാളം പരീക്ഷ: ജില്ലയിൽ 23 പഠിതാക്കൾ പങ്കെടുത്തു
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രണ്ടാം ബാച്ചിന്റെ പൊതുപരീക്ഷ ജില്ലയിൽ സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ സജ്ജീകരിച്ച പരീക്ഷാ കേന്ദ്രത്തിൽ 23 പഠിതാക്കളാണ് പരീക്ഷ എഴുതിയത്. പരീക്ഷാകേന്ദ്രം സന്ദർശിച്ച സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്‌ടർ ഡോ. എ.പി. അഹമ്മദുൾ കബീർ, എഴുത്തുപരീക്ഷ പൂർത്തിയാക്കിയവർക്കുള്ള വൈവ പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഭാഷാ വിദഗ്ദ്ധൻ ഡോ. വി. പരമേശ്വരൻ, അധ്യാപിക ജിബിൻഷ തറയിൽ, ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്‌തപ്രസാദ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. മൊയ്‌തീൻകുട്ടി എന്നിവർ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകി. കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 10 വരെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ സ്വീകരിക്കും. വിവരങ്ങൾക്ക്: 9446630185.
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷത്തെ നാല് വർഷ ബിരുദ കോഴ്‌സില്‍ ഒന്നാം സെമസ്റ്റര്‍ അറബിക് ബിരുദ പ്രോഗ്രാമില്‍ വിവിധ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഈഴവ, ഒ.ബി.എച്ച്, എൽ.സി എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അവസരമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 19-ന് വൈകീട്ട് മൂന്ന് മണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തണം. മലപ്പുറം സർക്കാർ വനിതാ ആർട്സ് & സയൻസ് കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിൽ സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒന്നും എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് ഒഴിവുള്ളത്. പി.ജി ക്യാപ് (CAP) രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികൾ ആഗസ്റ്റ് 20-ന് മുൻപായി ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ പ്രതിനിധി മുഖേനയോ കോളേജ് ഇ-മെയിൽ വഴിയോ റിപ്പോർട്ട് ചെയ്യണം. ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ സീറ്റ് കൺവേർഷൻ വഴി പരിഗണിക്കും. ഫോൺ: 0483 2972200, 9188900203. ഇ-മെയിൽ: gwcmpmoffice@gmail.com.
ഗ്രാറ്റുവിറ്റി കുടിശ്ശിക തുക ഈടാക്കുന്നതിനായി തിരൂർ താലൂക്കിലെ പുറത്തൂര്‍ എടക്കനാട് ദേശത്ത് സർവേ നമ്പർ 281/13-4 ൽ ഉൾപ്പെട്ട 5.88 ആർസ് ഭൂമിയും കുഴികൂർ ചമയങ്ങളും സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് സ്ഥലത്ത് വെച്ച് ലേലം ചെയ്യും.
ഗതാഗത നിയന്ത്രണം
മഞ്ചേരി ചെരണി- മംഗലശ്ശേരി- കൂമൻകുളം റോഡിൽ നവീകരണം നടക്കുന്നതിനാൽ ആഗസ്റ്റ് 18 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ മംഗലശ്ശേരി മുതൽ കൂമൻകുളം വരെ ഭാഗികമായി ഗതാഗതം നിയന്ത്രിക്കും. വണ്ടൂർ, എളങ്കൂർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നെല്ലിപ്പറമ്പ് വഴി മഞ്ചേരിയിലേക്കും, മഞ്ചേരിയിൽനിന്ന് എളങ്കൂർ വഴി വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നെല്ലിപ്പറമ്പ് വഴി തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
മലപ്പുറം ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
മലപ്പുറം: ബുദ്ധിപരമായ കഴിവുകള്‍ പരീക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മിടുക്കരായ കുട്ടികള്‍ കൂടുതല്‍ വിടുക്കരാകാന്‍ പരിശ്രമിക്കണമെന്നും അതിനു കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്നും വ്യവസായ, ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം വിദ്യാഭ്യാസജില്ല ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രവര്‍ത്തനങ്ങളുടെ 2026- 27 വര്‍ഷത്തെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ 40 കുട്ടികളെയാണ് ഗിഫ്റ്റഡ് പ്രോഗ്രാം പദ്ധതിയിലേക്ക് ഓരോ വര്‍ഷവും തെരഞ്ഞെടുക്കുന്നത്. വിദഗ്ദ്ധരുടെ ക്ലാസ്സുകള്‍, സ്ഥാപന സന്ദര്‍ശനങ്ങള്‍, പഠനയാത്രകള്‍, ക്യാമ്പുകള്‍, പ്രോജക്ടുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കു നല്‍കുന്നത്. മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ.വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. ഗിരീഷ് പദ്ധതി വിശദീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനിത എസ്, എസ്. എസ്.കെ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ഷാല്‍ ഹമീദ് എന്‍.പി, ഡയറ്റ് ലക്ചറര്‍ ബിന്ദു എസ്, മലപ്പുറം ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബീന മാണിക്കോത്ത് മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കിം എന്നിവര്‍ പ്രസംഗിച്ചു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് പ്രവീണ്‍ കോട്ടക്കല്‍, അസി. പ്രൊഫസര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ ക്ലാസ്സെടുത്തു
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിച്ചില്ല: മലപ്പുറത്ത് യുവമോർച്ച പ്രക്ഷോഭ യോഗം സംഘടിപ്പിച്ചു
മലപ്പുറം: ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമായി ദേശീയ ഗീതമായ വന്ദേമാതരം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടും, കേരളത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച മലപ്പുറത്ത് പ്രക്ഷോഭ യോഗം സംഘടിപ്പിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭീഷണികൾക്കും താൽപര്യങ്ങൾക്കും സർക്കാർ മുൻഗണന നൽകിയതിനാലാണ് സംസ്ഥാനത്ത് ഗാനം ആലപിക്കാതിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രക്ഷോഭ യോഗം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് അരീക്കാട് സേതുമാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി. ഉണ്ണി യോഗത്തിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് കോഡൂർ സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡണ്ട് ഭാഷ കോലേരി നന്ദിയും പറഞ്ഞു.
മലപ്പുറം എംപ്ലോയീസ് & പെന്‍ഷനേഴ്‌സ് സൊസൈറ്റിയില്‍ ഓണ വിപണിക്ക് തുടക്കമായി
മലപ്പുറം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ഓണച്ചന്ത മലപ്പുറം എംപ്ലോയീസ്&പെന്‍ഷനേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓണ വിപണിയുടെ പ്രവര്‍ത്തനോദ്ഘാടനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ. പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു സംഘം പ്രസിഡന്റ് കെ.ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ വി. എസ്. എന്‍ നമ്പൂതിരി . ടി. എ റഫീഖ്, കെ.എഫ് മനോജ് ഖാദര്‍ മേല്‍മുറി എ. പി..ശങ്കരന്‍ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ , കെ.പി.എസ്. ടി. എ സംസ്ഥാന സെക്രട്ടറി കെ.വി മാനോജ് കുമാര്‍, ജിതേഷ് ബീന എന്നിവര്‍ സംസാരിച്ചു
വളകിലുക്കം ഓണക്കിറ്റ് വിതരണം ചെയ്തു
മലപ്പുറം : കക്ഷി രാഷ്ട്രീയ ഭേദമേന്യേ മലപ്പുറത്തെ വനിതകളുടെ കൂട്ടായ്മയായ വളകിലുക്കം വനിത കൂട്ടായ്മ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിതേഷ് ജി അനില്‍ ഉദ്ഘാടനം ചെയ്തു. വളക്കിലുക്കം പ്രസിഡന്റ് ശോഭ വിജയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ നജ്്മ സബീര്‍, വളക്കിലുക്കം ചെയര്‍മാന്‍ മജിഷ്യന്‍ മലയില്‍ ഹംസ, വളക്കിലുക്കം മുഖ്യ രക്ഷാധികാരി മുംതാസ് ബഷീര്‍ മച്ചിങ്ങല്‍, വളക്കിലുക്കം മെമ്പര്‍ കൈറുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. വളക്കിലുക്കം ജോയിന്റ് സെക്രട്ടറി നജ്മു മുസ്തഫ സ്വാഗതവും വളക്കിലുക്കം ഫൗണ്ടര്‍ ഹസീന മലയില്‍ നന്ദിയും പറഞ്ഞു.
മിഥുനം പബ്ലിക്കേഷൻസിന്റെ ഭരത് ഗോപി ഷോർട്ട് ഫിലിം പുരസ്കാരം ഹരി മൊറയൂരിന് സമ്മാനിച്ചു
മലപ്പുറം: മിഥുനം പബ്ലിക്കേഷൻസിന്റെ മൂന്നാമത് ഭരത് ഗോപി ഷോർട്ട് ഫിലിം പുരസ്കാരം ഹരി മൊറയൂരിന് സമ്മാനിച്ചു. പ്രശസ്ത സംവിധായകൻ പ്രമോദ് മണ്ണിൽ തൊടിയാണ് പുരസ്കാരം കൈമാറിയത്. പ്രശസ്ത പർവ്വതാരോഹക സ്വപ്ന ഇബ്രാഹിം പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമോദ് മണ്ണിൽ തൊടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത നടൻ ഉണ്ണി പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ചെമ്മാണിയോട് ഹരിദാസൻ, നാടൻ കലാകാരൻ സുരേഷ് മഞ്ചേരി, മുസ്തഫ കുന്നത്ത്, മുരളിധർ കൊല്ലത്ത്, ഡെയ്‌സി മടത്തിശേരി, ശിവാനന്ദൻ അയിരൂർ, ഡോ. റൗഫ് വണ്ടൂർ എന്നിവർ സംസാരിച്ചു. കവി ഗോപാലകൃഷ്ണൻ സ്വാഗതവും നടൻ വെങ്കിട്ട നിലമ്പൂർ നന്ദിയും രേഖപ്പെടുത്തി
