കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ പരാതിക്കാരിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മദ്യത്തിലും ഭക്ഷണത്തിലും മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചെന്നും, ഇതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു.”നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല ദുബായിൽ എത്തിയപ്പോൾ സംഭവിച്ചത്. വലിയൊരു കെണിയിലായിരുന്നു ചെന്നുപെട്ടത്. എന്നെപ്പോലെ നിരവധി പെൺകുട്ടികൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധു എന്ന സ്ത്രീയാണ് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് എന്നെ ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് നിരന്തരം മയക്കുമരുന്ന് നൽകി ശരീരം പൂർണ്ണമായി തളർത്തിയിട്ടായിരുന്നു പീഡനം. ആളുകൾ വരുമ്പോൾ വസ്ത്രം അഴിക്കാൻ പോലും അവിടെ സ്ത്രീകളുണ്ടായിരുന്നു,” യുവതി വെളിപ്പെടുത്തി.വിസിറ്റിംഗ് വിസയിലാണ് തന്നെ ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു ഹോട്ടൽ മുറിയിലാണ് താമസിപ്പിച്ചത്. സി.ഐ.ഡി എന്ന് സ്വയം പരിചയപ്പെടുത്തിയ മഹറൂഫ് എന്നയാളാണ് പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും നേതൃത്വം നൽകിയത്. ഇയാൾക്കൊപ്പം ശങ്കരൻ നമ്പൂതിരി എന്നയാളും പീഡനങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. തന്റെ ആഭരണങ്ങളും വസ്ത്രങ്ങളും ഫോണും അവർ പിടിച്ചുവെച്ചു. ഒടുവിൽ ഒരു കുടുംബസുഹൃത്ത് ടിക്കറ്റ് എടുത്തു തന്നതിനാലാണ് രക്ഷപ്പെട്ടത്. നാട്ടിലേക്ക് തിരിക്കുന്ന സമയത്ത് തന്റെ ബാഗിൽ അവർ മയക്കുമരുന്ന് പാക്കറ്റുകൾ ഒളിപ്പിച്ചു വെച്ചിരുന്നതായും യുവതി പറഞ്ഞു. ക്രൂരമായ മാനസിക പീഡനങ്ങൾ കാരണം തകർന്ന താൻ ഇപ്പോൾ കൗൺസിലിങ്ങിലൂടെയാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതെന്നും യുവതി കൂട്ടിച്ചേർത്തു.
പൊന്നാനി സ്വദേശിനി മഞ്ജിമ കൂടി പിടിയിൽ; അറസ്റ്റിലായവർ മൂന്നായി.
അതേസമയം, കേസിൽ ഉൾപ്പെട്ട ഒരു യുവതിയെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് ഇന്നലെ പിടിയിലായത്. യുവതിയുടെ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുത്തത് മഞ്ജിമയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മരട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അലീനയ്ക്ക് കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിദേശത്തുള്ള മഹറൂഫ് ഉൾപ്പെടെയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
