Thursday, April 23News That Matters

പെരിന്തൽമണ്ണയിൽ ദാരുണം; ഭർത്താവ് തീക്കൊളുത്തിയ യുവതി മരിച്ചു; പ്രതി റിമാൻഡിൽ

പെരിന്തൽമണ്ണ: വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഷഫ്നയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെത്തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയവും വീട്ടുസാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള വാക്കുതർക്കവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ പറഞ്ഞു. അഞ്ചുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രണ്ടുപേർക്കും ആദ്യവിവാഹത്തിൽ ഓരോ കുട്ടികളുണ്ട്. മുൻഷാദിന്റെ ആദ്യഭാര്യ അപസ്മാരത്തെത്തുടർന്ന് മരണപ്പെട്ടതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആദ്യഭാര്യയുടെ മരണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുമായി ഇബ്രാഹിംപടിയിലെ വീട്ടിലെത്തി പോലീസും ഫൊറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഷഫ്നയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version