Tuesday, April 7News That Matters
Shadow

അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസ്: 13 വർഷത്തെ ഒളിവു ജീവിതം അവസാനിച്ചു; പ്രതി പിടിയിൽ

അരീക്കോട്: നാടിനെ നടുക്കിയ അരീക്കോട് ആലുക്കൽ കൂട്ടക്കൊലക്കേസിലെ പ്രതി മുഹമ്മദ് ഷെരീഫിനെ (45) 13 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ കേരള പോലീസ് പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പ്രത്യേക അന്വേഷണ സംഘമാണ് പിന്തുടർന്ന് വലയിലാക്കിയത്. 2013-ൽ നടന്ന കൊലപാതകത്തിന് ശേഷം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത ഇയാൾക്കായി കഴിഞ്ഞ 11 വർഷമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. 2013 ജൂലൈ 21-ന് റംസാൻ മാസത്തിലായിരുന്നു കേരളത്തെ ഞെട്ടിച്ച ആ ദാരുണ സംഭവം നടന്നത്. പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ അരീക്കോട് ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് ഷെരീഫ് തന്റെ സ്കൂട്ടർ ബോധപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവർ കൊല്ലപ്പെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് വെള്ളത്തിൽ വീണതാണെന്നായിരുന്നു ഷെരീഫ് ആദ്യം നാട്ടുകാരെയും പോലീസിനെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പോലീസിന്റെ വിശദമായ ശാസ്ത്രീയ അന്വേഷണത്തിൽ, ഭാര്യയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഷെരീഫ് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് തെളിയുകയായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം മുങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികൾ വർഷങ്ങളോളം ശ്രമിച്ചിട്ടും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. ഇയാളെ ഉടൻ അരീക്കോട്ടെത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL