വീടിന്റെ ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് കഴുത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറിയ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. മലപ്പുറം സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകനും, പുളിക്കൽ എ.എം.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് മാസിൻ (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി താഴെയുള്ള ഗേറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി മാസിന്റെ കഴുത്തിൽ ആഴത്തിൽ തുളച്ചുകയറി. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ തുളച്ചുകയറിയ കമ്പിയുമായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ, കമ്പി മുറിച്ചുമാറ്റാതെ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷാസേന, കട്ടർ ഉപയോഗിച്ച് കമ്പിയുടെ കഴുത്തിനോട് ചേർന്ന ഭാഗം വളരെ ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
