ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകി വിശ്വാസിസമൂഹം വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ കല്പനകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങാനുള്ള സഹനമാണ് അന്തിമ വിജയം നൽകുക എന്ന വലിയ പാഠമാണ് ഈ ദിനം ലോകത്തെ ഓർമ്മിപ്പിക്കുന്നത്. വാർധക്യകാലത്ത് ലഭിച്ച അരുമ സന്താനത്തെ ദൈവകല്പന പ്രകാരം ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെയും ഹാജറാ ബീവിയുടെയും ഇസ്മായിൽ നബിയുടെയും അത്യുന്നതമായ ചരിത്രമാണ് പെരുന്നാളിന്റെയും ഹജ്ജിന്റെയും കാതൽ. ആ മഹത്തായ സമർപ്പണത്തെ അനുസ്മരിച്ചുകൊണ്ട്, ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ പരലോക മോക്ഷം ലക്ഷ്യം വെച്ചുള്ളതാവണം വിശ്വാസികളുടെ ഓരോ ആഘോഷവും. മറുവശത്ത്, വർണ്ണ, വർഗ്ഗ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മാനവരാശി ഒന്നാണെന്ന ഐക്യത്തിന്റെ മഹത്തായ പ്രഖ്യാപനമാണ് മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മം. ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലാതെ, ഒരേ മനസ്സോടെ തൂവെള്ള വസ്ത്രമണിഞ്ഞ്, തൽബിയത്ത് മന്ത്രങ്ങളുമായി അറഫയിലും മുസ്ദലിഫയിലും മിനായിലും സംഗമിക്കുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർ മാനവലോകത്തിന് നൽകുന്നത് തുല്യതയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അവനായി സമർപ്പിക്കാനുമുള്ള ആത്മീയ വഴിയാണ് ഈ പുണ്യദിനങ്ങൾ തുറന്നിടുന്നത്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും ഈ വേളയിൽ, ഞങ്ങളുടെ വാർത്തകൾക്കൊപ്പമുള്ള എല്ലാ പ്രിയ പ്രേക്ഷകർക്കും എം.ടി.എൻ ന്യൂസ് ടീമിന്റെ ഈദ് ഉൽ അസ്ഹ ആശംസകൾ സ്നേഹപൂർവ്വം നേരുന്നു. മാനവ ഐക്യത്തിന്റെ ഈ സന്ദേശം എല്ലാവരിലേക്കും എത്തുമാറാകട്ടെ.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
