Sunday, March 1News That Matters
Shadow

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് അപകടം: കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

മലപ്പുറം: ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. എട്ടു മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ഓടെയാണ് പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറി താഴേക്ക് പതിക്കുന്നത് കണ്ട വിദ്യാർത്ഥി വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ ഓടിക്കൂടിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ ആഴ്ന്നുപോയ ലോറി ഉയർത്താനുള്ള ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഒടുവിൽ വൈകുന്നേരത്തോടെ ലോറി ഉയർത്തിയ ശേഷമാണ് ക്യാബിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ പുറത്തെടുക്കാനായത്. ക്വാറിക്ക് സമീപം മതിയായ സുരക്ഷാ ഭിത്തികൾ ഇല്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻപും ഈ പ്രദേശത്ത് സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതായും പ്രതിഷേധമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL