
കൊച്ചി: തിരൂരങ്ങാടിയിൽ നിന്ന് ഈ വർഷം ഫെബ്രുവരിയിൽ പിടികൂടിയ വൻ സ്ഫോടകവസ്തു ശേഖരം വിദഗ്ധരുടെ മേൽനോട്ടത്തിൽ സുരക്ഷാ മുൻകരുതലുകളോടെ നിർവീര്യമാക്കി നശിപ്പിക്കാൻ കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതി അനുമതി നൽകി. സവാള കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 89,600 ജലാറ്റിൻ സ്റ്റിക്കുകളും വൻതോതിലുള്ള നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് നശിപ്പിക്കുന്നത്. എൻ.ഐ.എ. സമർപ്പിച്ച അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി പി.കെ. മോഹൻദാസാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പിടിച്ചെടുത്ത അതിതീവ്ര സ്ഫോടകവസ്തുക്കൾ ദീർഘകാലം സൂക്ഷിക്കുന്നത് വലിയ സുരക്ഷാ ഭീഷണിക്കും അപകടസാധ്യതയ്ക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാൻ അന്വേഷണ സംഘം കോടതിയുടെ അനുമതി തേടിയത്. ഒക്ടോബർ 30-ന് ഹർജി പരിഗണിച്ച കോടതി, ബോംബ് നിർവീര്യമാക്കൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്ഫോടകവസ്തുക്കൾ പൂർണമായും നശിപ്പിക്കാൻ അനുമതി നൽകി. അതേസമയം, കേസിന്റെ വിചാരണവേളയിൽ ശാസ്ത്രീയ തെളിവായി ഉപയോഗിക്കുന്നതിനായി ആവശ്യമായ സാമ്പിളുകൾ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കണമെന്നും കോടതി എൻ.ഐ.എ.യ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.കേസിൻ്റെ പശ്ചാത്തലം:
കഴിഞ്ഞ ഫെബ്രുവരി 7-നാണ് തിരൂരങ്ങാടി ചെമ്മാട്-തലപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനി പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് പ്രാദേശിക പൊലീസിന് സ്ഫോടകവസ്തുക്കൾ ലഭിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലക്ഷത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു.സ്ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതിനോ കടത്തുന്നതിനോ ആവശ്യമായ രേഖകളോ ലൈസൻസോ ഹാജരാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ലോറിയിലുണ്ടായിരുന്നവരെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.എ. സംഘം കേരളം, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ 19-ലധികം കേന്ദ്രങ്ങളിൽ ഒരേസമയം മിന്നൽ പരിശോധനകളും അന്വേഷണങ്ങളും നടത്തിവരികയാണ്.
