
ചേളാരിക്കും പടിക്കലിനും ഇടയിൽ വെച്ച് ആംബുലൻസിന് മുന്നിലേക്ക് ചാടി ഇതര സംസ്ഥാന തൊഴിലാളി ദാരുണമായി മരിച്ചു. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് മരിച്ചതെന്നാണ് സംശയം. ചെമ്മാട് ഭാഗത്തു നിന്നും ചേളാരിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് ഇയാൾ ചാടിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെയും ഇയാൾ സമാനമായ രീതിയിൽ അപകടം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. പടിക്കൽ വെച്ച് ഒരു കാറിന് മുന്നിലേക്ക് ചാടിയ ഇയാൾക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും, വിദഗ്ധ ചികിത്സയ്ക്കായി തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ആംബുലൻസിന് മുന്നിലേക്ക് ചാടി ജീവനൊടുക്കിയത് എന്നാണ് വിവരം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
