ഇന്ത്യൻ ഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധ താരം അനസ് എടത്തൊടിക ഇനി പുതിയ വേഷത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അനസ് എടത്തൊടിക സർക്കാർ സർവീസില്‍ പ്രവേശിച്ചു.മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യല്‍ പൊലിസ്) ക്യാമ്പില്‍ ക്ലർക്കായാണ് താരം ചുമതലയേറ്റത്. രാവിലെ 11 മണിയോടെ മലപ്പുറത്തെ എം.എസ്.പി ക്യാമ്പിലെത്തിയായിരുന്നു അനസ് ജോലിയില്‍ പ്രവേശിച്ചത്. കമാൻഡന്റ് കെ. സലീമിന് മുൻപാകെ ഹാജരായി. നിയമന ഉത്തരവ് നേരത്തെ താരം കൈപ്പറ്റിയിരുന്നു. ഇന്ന് ഔദ്യോഗികമായി ഹാജർ ബുക്കില്‍ ഒപ്പുവെച്ചതോടെയാണ് സേവനത്തിന് തുടക്കമായത്. അർഹമായ സ്പോർട്സ് ക്വാട്ട നിയമനം ലഭിക്കാൻ അനസിനും സഹതാരങ്ങള്‍ക്കും വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് കായിക വകുപ്പ് നിയമനം നീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രിസഭാ യോഗം ചേർന്ന് അനസിനും എൻ.പി. പ്രദീപ് (ജലസേചന വകുപ്പ്), റിനോ ആന്റോ (രജിസ്ട്രേഷൻ വകുപ്പ്) എന്നിവർക്കും ജോലി നല്‍കാൻ പ്രത്യേക തീരുമാനമെടുത്തത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് അനസ്. ഇന്ത്യൻ പ്രതിരോധ നിരയിലെ വിശ്വസ്തനായിരുന്നു. താരത്തിന്റെ കരിയറിലെ പ്രധാന നാഴികക്കല്ലുകള്‍അന്താരാഷ്ട്ര അരങ്ങേറ്റം: 2017 മാർച്ച് 22 (കംബോഡിയക്കെതിരെ)പ്രധാന ക്ലബ്ബുകള്‍: മുംബൈ എഫ്.സി, പുണെ, ഡല്‍ഹി ഡൈനാമോസ്, മോഹൻ ബഗാൻ, കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ, ജംഷഡ്പൂർ എഫ്.സി. സമീപകാലത്ത് ഗോകുലം കേരള എഫ്.സി, മലപ്പുറം എഫ്.സി എന്നീ ക്ലബുകളിലേക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്.നിലവില്‍ മലപ്പുറം എഫ്.സിയുടെ സ്കൗട്ടിങ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് അനസ്. തന്റെ ഔദ്യോഗിക ജീവിതവും കായിക മേഖലയിലെ ഇടപെടലുകളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് അനസ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സ്വന്തം പ്രതിരോധ താരം എം.എസ്.പിയില്‍ എത്തിയത് മലപ്പുറത്തെ ഫുട്ബാള്‍ ആരാധകർക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്
