Thursday, September 17News That Matters
Shadow

സംസ്ഥാനത്ത് പുതിയ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി വരുന്നു; മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സർക്കാരിന്റെ വിഷൻ-2031 പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. അടുത്തയാഴ്ചയോടെ ഇവ പ്രവർത്തനം ആരംഭിക്കും. സർക്കാർ, കേന്ദ്ര സർക്കാർ സർവ്വീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ നവീകരിച്ച പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനുപുറമെ പുതിയതായി 13 പരിശീലന കേന്ദ്രങ്ങളും 7 ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 24 കേന്ദ്രങ്ങളിലൂടെയും 28 ഉപകേന്ദ്രങ്ങളിലൂടെയുമായി ഇതിനോടകം 75,525 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനും 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടിക്കൊടുക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐ.എ.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐ.എ.എസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ. (ഡോ.) പി. നസീർ, വകുപ്പിലെ ഉദ്യോ​ഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL