
വേങ്ങര: വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും ഗവേഷണ താല്പര്യവും വളർത്തുന്നതിനും ദൈനംദിന ജീവിതത്തിലെയും സമൂഹത്തിലെയും പ്രശ്നങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുന്നതിനുമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ‘വൈ.ഐ.പി. ശാസ്ത്രപഥം 9.0’ ദ്വിദിന ഡിസൈൻ തിങ്കിംഗ് ശില്പശാല ആരംഭിച്ചു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വേങ്ങര ബി.ആർ.സിക്ക് കീഴിൽ പുതുപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൈഹാന ബീഗം നിർവഹിച്ചു. ഒ.ടി. സമദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബി.പി.സി. പി.കെ. നൗഫൽ, പ്രിൻസിപ്പൽ നജീബ് പാലശ്ശേരി, പ്രധാനാധ്യാപിക കെ.ബി. മിനി, സൈക്കോളജിസ്റ്റ് എം. ഷിറോണ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
