ഘാനയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ഘാന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ബെറെകം ചെല്‍സി താരം ഡൊമിനിക്ക് ഫ്രിംപോങിനാണ് (20) ദാരുണാന്ത്യം സംഭവിച്ചത്. ആയുധധാരികളായ മോഷ്ടാക്കള്‍ ടീം ബസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. താരത്തിന്റെ മരണം ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്മാര്‍ടക്‌സിനെതിരായ ഘാന പ്രീമിയര്‍ ലീഗ് മത്സരം കളിച്ച് മടങ്ങുകയായിരുന്ന ബെറെകം ചെല്‍സി ടീം ബസാണ് മോഷ്ടാക്കള്‍ ആയുധവുമായി എത്തി റോഡില്‍ വച്ച് ബസ് തടഞ്ഞു ആക്രമിച്ചത്. ഞായറാഴ്ച ഗുവാസോ ബിബിയാനി റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആയുധധാരികളായ മോഷ്ടാക്കള്‍ റോഡില്‍ ബസ് തടഞ്ഞു നിര്‍ത്തി ടീം ബസിനു നേര്‍ക്കെ തുരുതുരെ വെടിവയ്ക്കുകയായിരുന്നുവെന്നു ബെറെകം ചെല്‍സി ടീം മാധ്യമങ്ങളോടു വ്യക്തമാക്കി.’സംരേബോയിയില്‍ നിന്നു ബെറെക്കമിലേക്കുള്ള മടക്ക യാത്രയില്‍, ഞങ്ങളുടെ ടീം ബസ് സായുധരായ ഒരു കൂട്ടം കൊള്ളക്കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ഡ്രൈവര്‍ ബസ് പിന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍, മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ബസിന് നേരെ വെടിയുതിര്‍ത്തു. കളിക്കാരും ജീവനക്കാരും രക്ഷപ്പെടാനായി അടുത്തുള്ള കുറ്റിക്കാടുകളിലേക്ക് ഓടിമാറി’- ക്ലബ് വ്യക്തമാക്കി. ‘ബെറെകം ചെല്‍സി ഫുട്‌ബോള്‍ ക്ലബിലെ ഡൊമിനിക് ഫ്രിംപോങിന്റെ വിയോഗ വാര്‍ത്ത അങ്ങേയറ്റം ഞെട്ടലോടെയും അതിയായ ദുഃഖത്തോടെയുമാണ് കേട്ടത്. ഈ ദാരുണമായ സംഭവം ക്ലബിന് മാത്രമല്ല, മൊത്തത്തില്‍ ഘാന ഫുട്‌ബോളിനും നികത്താനാവാത്ത വലിയൊരു നഷ്ടമാണ്. കളിയിലുള്ള അര്‍പ്പണബോധവും അഭിനിവേശവും പ്രതിഫലിപ്പിച്ച പ്രതീക്ഷയുള്ള ഒരു യുവ പ്രതിഭയാണു ഡൊമിനിക്’- ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന്റെ മരണം സ്ഥിരീകരിച്ചുള്ള കുറിപ്പില്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടീമിനു സുരക്ഷ കൂട്ടുമെന്നു അസോസിയേഷന്‍ ഗവേണിങ് ബോഡി വ്യക്തമാക്കി. ഘാനയിലെ കായിക താരങ്ങളുടെ യാത്രാ സുരക്ഷ സംബന്ധിച്ചുള്ള ആശങ്ക തുടരുകയാണ്. 2023ല്‍ മറ്റൊരു ക്ലബായ ലെഗോണ്‍ സിറ്റീസിന്റെ ടീം ബസിനു നേര്‍ക്കു ആക്രമണമുണ്ടായിരുന്നു. സ്മാര്‍ടക്‌സിനെതിരായ പോരാട്ടത്തിനു ശേഷം മടങ്ങിയ ലെഗോണ്‍ സിറ്റീസ് ബസിനു നേര്‍ക്കാണ് ഒരു സംഘം ആക്രമണം നടത്തിയത്. അന്നത്തെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല എന്നതു മാത്രമാണ് ആശ്വാസമായത്.
