Monday, November 2News That Matters

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ക്വട്ടേഷൻ സംഘം പിടിയിൽ

മലപ്പുറം: കരിപ്പൂർ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്ന് സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ‘പൊട്ടിക്കൽ’ (ക്വട്ടേഷൻ) സംഘത്തെ പോലീസ് സാഹസികമായി പിടികൂടി.

നവംബർ 2-ന് (ഇന്ന്) പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ അറൈവൽ ഏരിയയിൽ സംശയാസ്പദമായ രീതിയിൽ കണ്ട സംഘത്തെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് അറൈവൽ ഗേറ്റിനു പുറത്തേക്ക് വന്ന യുവതിയെ ഈ സംഘം ലക്ഷ്യമിടുകയും പിന്തുടരുകയും ചെയ്തു. തന്നെ സ്വീകരിക്കാൻ എത്തിയ ആളുടെ കൂടെ പാർക്കിങ് ഏരിയയിലേക്ക് പോയ യുവതിയെ പ്രതികൾ തടഞ്ഞുനിർത്തി ട്രോളി ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയുടെ കൂടെയുള്ള യുവാവുമായി സംഘം ബലപ്രയോഗത്തിന് മുതിർന്നതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെടുകയായിരുന്നു.

പോലീസിനുനേരെയും ആക്രമണം: പോലീസിനെ വെട്ടിച്ച് ഇന്നോവ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച സ്പെഷ്യൽ സ്ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിക്കാനും പ്രതികൾ ശ്രമിച്ചു. റോഡരികിലേക്ക് ചാടി മാറിയാണ് ഉദ്യോഗസ്ഥൻ പരിക്കുകളിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിനിടെ സംഘത്തെ കീഴ്പെടുത്തുന്നതിനിടയിൽ പ്രതികൾ ആക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് മുരളീകൃഷ്ണയുടെ കൈ കടിച്ചു മുറിക്കുകയും ചെയ്തു.

കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി: തുടർന്ന് എയ്ഡ്പോസ്റ്റിൽ വെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിദേശത്തുനിന്ന് എത്തിയ ഇടുക്കി വണ്ടൻമേട് സ്വദേശി അഭിരാമിയുടെ (27) ബാഗേജിൽ താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വർണമാണ് സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി എത്തിയ പത്തോളം പേരാണ് ഇതിന് പിന്നിലുണ്ടായിരുന്നത്.

അഭിരാമിയുടെ ലഗേജ് പരിശോധിച്ച പോലീസ്, എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിൽ 14 ഗോൾഡ് പ്ലേറ്റുകൾ കണ്ടെടുത്തു. കഴുകി വൃത്തിയാക്കി തൂക്കം നോക്കിയപ്പോൾ 817 ഗ്രാം വരുന്ന ഈ സ്വർണത്തിന് ഒരു കോടി പത്തുലക്ഷത്തിലധികം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കസ്റ്റംസ് ആക്ട് പ്രകാരം ഏഴ് വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

പ്രതികളും തുടർനടപടികളും: നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് കവർച്ചാ കേസിൽ പിടിയിലായ പ്രധാന പ്രതികൾ. ഇവർ ഇതിനുമുമ്പും നിരവധി സമാന കേസുകളിൽ പ്രതികളാണെന്നും, ഇതിൽ ഒരു പ്രതിയുടെ കൈ ബോംബ് പൊട്ടി തകർന്നുപോയതാണെന്നും പോലീസ് വ്യക്തമാക്കി. യാത്രക്കാരിയായ അഭിരാമി, സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ എറണാകുളം സ്വദേശി ഹർഷൽ (40), അഭിരാമിക്ക് പ്രതിഫലമായി നൽകാൻ സൂക്ഷിച്ചിരുന്ന 67,000 രൂപ, മാരുതി ആൾട്ടോ കാർ, പിടിച്ചെടുത്ത സ്വർണം എന്നിവ തുടർനടപടികൾക്കായി കസ്റ്റംസിന് കൈമാറും. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version