Thursday, April 23News That Matters

പുതുപ്പറമ്പ് പുഴ അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

പുതുപ്പറമ്പ്: എടരിക്കോട് പുതുപ്പറമ്പ് മുച്ചറാണി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ടാമത്തെ കുട്ടിയും മരിച്ചു. പറമ്പിൽ ജംഷീറിന്റെ മകൻ ഹാഫിസ് (12) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അല്പസമയം മുൻപ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അപകടത്തിൽ ഹാഫിസിനൊപ്പമുണ്ടായിരുന്ന മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഹാഫിസും സൈഫുലും അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പുഴയിൽ നിന്ന് കണ്ടെടുത്തത്. ഗുരുതരാവസ്ഥയിലായിരുന്ന ഹാഫിസിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ദിവസത്തെ ഇടവേളയിൽ ഒരേ അപകടത്തിൽ രണ്ട് പിഞ്ചുബാലന്മാർ മരണപ്പെട്ടത് പുതുപ്പറമ്പ് ഗ്രാമത്തെ ഒന്നടങ്കം തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version