തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് നേരെ ലഹരിസംഘത്തിന്റെ അതിക്രമശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെയാണ് അജ്ഞാത സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ക്യാമ്പസിന് സമീപത്തെ ഹോട്ടലിൽ നിന്ന് നടന്നു വരുന്നതിനിടെ ഉള്ളിൽ തമ്പടിച്ചിരുന്ന സംഘം പിന്തുടരുകയായിരുന്നു. വിദ്യാർത്ഥിനികൾ ഓടി രക്ഷപ്പെട്ടതു കൊണ്ടാണ് കൂടുതൽ അപകടം ഒഴിവായത്.സംഭവം ക്യാമ്പസിലെ വിദ്യാർത്ഥിനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സർവകലാശാല ക്യാമ്പസിനകത്ത് വിദ്യാർത്ഥിനികൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വൈസ് ചാൻസലറെ ഉപരോധിച്ചു.

വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ സർവകലാശാല അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എസ്.എഫ് ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ കണ്ടെത്തി നിയമനടപടി സ്വീകരിക്കുക, ക്യാമ്പസിലെ എല്ലാ പ്രവേശന കവാടങ്ങളിലും സ്ഥിരം ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും സേവനം കാര്യക്ഷമമാക്കുകയും ചെയ്യുക, സി.സി.ടി.വി ക്യാമറകൾ മുഴുവൻ പ്രവർത്തനസജ്ജമാക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചു. സുരക്ഷാ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതൃത്വം അറിയിച്ചു.ക്യാമ്പസിന് ചുറ്റുമതിലില്ലാത്തതിനാൽ പുറത്തുനിന്നുള്ളവർക്ക് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമെന്നതാണ് നിലവിലെ അവസ്ഥ. അക്രമികളിൽ നിന്ന് ക്യാമ്പസിനെ സംരക്ഷിക്കുന്നതിനായി ചുറ്റുമതിൽ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചതായി വൈസ് ചാൻസലർ വ്യക്തമാക്കി. അതേസമയം, ലേഡീസ് ഹോസ്റ്റലിൽ നിന്ന് പെൺകുട്ടികൾക്ക് ഒമ്പതരയ്ക്ക് ശേഷം പുറത്തു കടക്കുന്നതിനായി മൂവ്മെന്റ് രജിസ്റ്റർ ഏർപ്പെടുത്തിയിരുന്നെങ്കിലും വിദ്യാർത്ഥികളുടെ എതിർപ്പ് മൂലം അത് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.യു.ഡി.എസ്.എഫ് സമരത്തിന് എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് കെ.പി. ഫുഹാദ്, ജനറൽ സെക്രട്ടറി കെ. ഫിദ, ഫൈസൽ തടത്തിൽ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അർജുൻ, ഭാരവാഹികളായ ഫാദിയ, സജ്ന, ഫിൻഷാ, ആയിഷ, നിഷ്വ, പി. സജിദലി എന്നിവർ നേതൃത്വം നൽകി.
