
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വൻതോതിൽ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 23 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ലഹരിക്കടത്തിന്റെ ഉറവിടമായ ഇവരെ കുടുക്കിയത്.ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത പിന്നീട് ലഹരിസംഘത്തിന്റെ ഭാഗമാവുകയായിരുന്നു. കൂടെ പിടിയിലായ മുഹമ്മദ് സിജാഹ് അമരവിളയിൽ 75 ഗ്രാം എംഡിഎംഎ കടത്തിയ കേസ് ഉൾപ്പെടെ നേരത്തെയും മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കയറ്റി അയക്കുന്ന ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ബെംഗളൂരുവിൽ വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്ന ഇവരെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രതീപിന്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
MTN ന്യൂസ്….നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
