മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

