തിരൂരങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പുതിയ ഫിസിഷ്യൻ ചുമതലയേറ്റു. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. നിസാമുദ്ധീൻ ശനിയാഴ്ചയാണ് ചാർജ്ജെടുത്തത്. ഇതോടെ മൂന്ന് മാസത്തോളമായി മുടങ്ങിക്കിടന്ന ജനറൽ മെഡിസിൻ ഒ.പി. തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മുൻപുണ്ടായിരുന്ന ഫിസിഷ്യൻ സ്ഥാനക്കയറ്റം ലഭിച്ചു പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം നടന്നിരിക്കുന്നത്.ദിവസേന രണ്ടായിരത്തിലേറെ രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ ഇതോടെ ഏറെ പ്രയാസത്തിലായിരുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എൻ.എഫ്.പി.ആർ) താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി മന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു.പരാതിയെ തുടർന്ന് ആരോഗ്യ മന്ത്രി ഇടപെടുകയും ഫെബ്രുവരി 19-ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ. നിസാമുദ്ധീനെ ഇവിടേക്ക് നിയമിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഉത്തരവ് വന്നിട്ടും ഡോക്ടർ ചുമതലയേൽക്കാൻ വൈകിയത് വീണ്ടും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും സമരപരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശനിയാഴ്ച ആശുപത്രി സൂപ്രണ്ടിന് മുൻപാകെ ഡോക്ടർ ചാർജ്ജെടുത്തത്. വരും ദിവസങ്ങളിൽ രോഗികൾക്ക് വലിയ ആശ്വാസമാകുമിത്.

