മലപ്പുറം: എടവണ്ണയിലെ ജമലങ്ങാടി പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജുമുഅ നമസ്‌കാരം ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഖുത്ബ (പ്രഭാഷണം) മനസ്സിലാക്കുന്നതിനായി ഉറുദു, ഹിന്ദി ഭാഷകളിലാണ് പ്രസംഗം സംഘടിപ്പിച്ചത്. എടവണ്ണ മഹല്ല് കമ്മിറ്റി പഴയ പള്ളി പുതുക്കിപ്പണിത് അതിഥി തൊഴിലാളികൾക്കായി വിട്ടുനൽകിയതോടെയാണ് ഈ പുതിയ മാറ്റം നിലവിൽ വന്നത്. വർഷങ്ങളായി എടവണ്ണയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് മലയാളത്തിലുള്ള ഖുത്ബ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. ഇക്കാരണത്താൽ പലരും ജുമുഅ പ്രാർത്ഥനകളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം മഹല്ല് കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടു. തൊഴിലാളികളുടെ ഈ പ്രയാസം മനസ്സിലാക്കിയ കമ്മിറ്റി, അവർക്ക് മാത്രമായി പ്രാർത്ഥനകൾക്കും പ്രഭാഷണങ്ങൾക്കുമായി പള്ളി വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു. എടവണ്ണ ജാമിയ നദ്‌വിയ്യ അറബിക് കോളജിലെ ഉറുദു, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ള അധ്യാപകനെയാണ് ഖത്തീബായി നിയമിച്ചിരിക്കുന്നത്. ആദ്യ ദിനം തന്നെ ഇരുനൂറോളം അതിഥി തൊഴിലാളികളാണ് പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയത്. നിലവിൽ വെള്ളിയാഴ്ചകളിലെ ജുമുഅ പ്രാർത്ഥനയ്ക്ക് മാത്രമാണ് ഈ ക്രമീകരണമെന്നും മറ്റ് സമയങ്ങളിൽ എല്ലാ വിശ്വാസികൾക്കുമായി പള്ളി തുറന്നിരിക്കുമെന്നും മഹല്ല് കമ്മിറ്റി അംഗം അബ്ദുൽ റിഹൂബ് പറഞ്ഞു. ആരാധനയുടെയും പ്രഭാഷണത്തിന്റെയും ആത്മീയ സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

