Sunday, March 1News That Matters
Shadow

പിതാവിന്റെ വെട്ടേറ്റ് മകള്‍ മരിച്ച സംഭവം: നടുക്കം വിട്ടുമാറാതെ ഗ്രാമം

കാസർഗോഡ്: പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയെന്ന വാര്‍ത്തയില്‍ നടുക്കം വിട്ടുമാറാതെ തൂമിനാട് ഗ്രാമവാസികള്‍. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹില്‍ടോപ്പ് നഗറിലെ ജുമൈല (18) ആണ് ഇന്ന് വൈകിട്ട് പിതാവിന്റെ വെട്ടേറ്റ് മരിച്ചത്. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്ന് പഠിച്ച കൂട്ടുകാര്‍ അമ്പരപ്പ് മാറ്റാന്‍ കഴിയാതെ വീര്‍പ്പുമുട്ടി. ബായാര്‍ സ്വദേശിയായ പിതാവ് ഉമര്‍ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. അന്നം കൊടുത്ത കൈ കൊണ്ടുതന്നെ മകളുടെ അന്ത്യം സംഭവിച്ചു എന്നത് വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍.താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹില്‍ടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്. ഉമര്‍ ഫാറൂഖ് ഗള്‍ഫിലായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ ഇയാളും ഇവര്‍ക്കൊപ്പമാണ് താമസം. സ്വത്തുമായി ബന്ധപ്പെട്ട് താഹിറയുടെ സഹോദരിയുടെ കുടുംബവുമായി ഉമര്‍ ഫാറൂഖ് തര്‍ക്കത്തില്‍ ആയിരുന്നുവെന്ന് പറയുന്നു. പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിന് ഉമര്‍ ഫാറൂഖിന്റെ സഹോദരനും ഇന്നലെ സ്ഥലത്തെത്തിയിരുന്നു. താഹിറയുടെ സഹോദരീ ഭര്‍ത്താവ് ഷേകുഞ്ഞിയും ഉമര്‍ ഫാറൂഖും തമ്മില്‍ ചര്‍ച്ചക്കിടെ തര്‍ക്കമുണ്ടായെന്നും ഫാറൂഖ് കത്തിയെടുത്ത് ഷേകുഞ്ഞിക്ക് നേരെ വീശുകയായിരുന്നുവെന്നും പറയുന്നു. ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജുമൈലക്ക് വെട്ടേറ്റതെന്നും സൂചനയുണ്ട്.ജുമൈലയുടെ നെഞ്ചിനും വയറിനുമാണ് മുറിവേറ്റത്. ഷേകുഞ്ഞിക്കും പരുക്കുണ്ട്. ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുമൈലയെ രക്ഷിക്കാനായില്ല. പ്ലസ് ടു കഴിഞ്ഞ ജുമൈല ഉപ്പളയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിനിയാണ്. ഉമര്‍ ഫാറൂഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL