തിരൂരങ്ങാടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ഡോക്ടറെ നിയമിച്ചുവെങ്കിലും, നിയമിതനായ ആൾ ഇതുവരെ ചുമതലയേൽക്കാത്തത് രോഗികളെ വലയ്ക്കുകയാണ്. ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ഈ പ്രധാന ആശുപത്രിയിൽ ഫിസിഷ്യന്റെ അഭാവം ചികിത്സാ സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിഷയം സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നേരത്തെ ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഫിസിഷ്യനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും ഡോക്ടർ ആശുപത്രിയിൽ ചാർജെടുക്കാൻ തയ്യാറായിട്ടില്ല. ഫിസിഷ്യന്റെ സേവനം തേടി ദൂരസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിലെത്തുന്ന സാധാരണക്കാർ ഡോക്ടറില്ലാത്തതിനാൽ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വരികയാണ്. ജീവിതശൈലീ രോഗങ്ങൾക്കും മറ്റും സ്ഥിരമായി ചികിത്സ തേടുന്നവരാണ് ഇതിനാൽ വലിയ പ്രതിസന്ധി നേരിടുന്നത്. സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും ഡോക്ടർ എത്താത്തത് അധികൃതരുടെ വീഴ്ചയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പുതിയ ഡോക്ടറെ ഉടൻ ചുമതലയേൽപ്പിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ മുന്നറിയിപ്പ് നൽകി.
