
പൊന്നാനി: പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിന്ന് കമ്പ്യൂട്ടറുകളും മോട്ടോർ പമ്പ് സെറ്റുകളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികൾ പലപ്പോഴായി മോഷ്ടിച്ച ആറംഗ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ടി.ബി ആശുപ്രതിക്ക് സമീപം താമസിക്കുന്ന ഷഹദ് (24), മുക്കാടി സ്വദേശി നാസിൽ (22), പൊന്നാനി നഗരം സ്വദേശി സിഫാറത്ത് (21), പുറങ്ങ് മാരാമുറ്റത്ത് ഫഹദ് (20), ആനപ്പടി സ്വദേശി അസ്ലം (23) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന ഐസൊലേഷൻ വാർഡ് കെ കെട്ടിടത്തിൽ നിന്നാണ് കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റ്, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ തുടങ്ങി മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങൾ പ്രതികൾ കവർന്നത്. രാത്രി കാലങ്ങളിൽ സ്കൂട്ടറുകളിലെത്തിയാണ് ഇവർ ഒന്നിച്ച് സാമഗ്രികൾ പലപ്പോഴായി കടത്തിക്കൊണ്ടുപോയത്. പത്തു ദിവസം മുൻപാണ് ആശുപത്രിയിൽ തുടർച്ചയായി മോഷണം നടക്കുന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ആശുപത്രി കെട്ടിടത്തിന് പിൻഭാഗത്ത് ഇരുമ്പ് കമ്പികൾ കൂട്ടിയിട്ടത് കണ്ട് സംശയം തോന്നിയ അധികൃതർ അവിടെ അടിയന്തരമായി സി.സി.ടി.വി (CCTV) ക്യാമറ സ്ഥാപിക്കുകയായിരുന്നു. പിറ്റേന്ന് രാത്രി തന്നെ മോഷ്ടാക്കളെത്തി കമ്പികൾ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഈ ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. തുടർന്ന് വിവിധയിടങ്ങളിലെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. മോഷ്ടിക്കുന്ന സാധനങ്ങൾ മാരാമുറ്റത്തുള്ള ഒരു ആക്രിക്കടയിൽ വിൽക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് വിലകൂടിയ കാറുകൾ വാടകയ്‌ക്കെടുത്തും മറ്റും ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. അറസ്റ്റ് ചെയ്ത ആറുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
