
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് റിട്ട. അഡീഷണൽ സെക്രട്ടറിയും നിരവധി മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന വി.പി. അബ്ദുൽ റസാഖ് (74) അന്തരിച്ചു. ഇന്ന് പുലർച്ചെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു. 1971-ൽ സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2002-ൽ അഡീഷണൽ സെക്രട്ടറി (ജി.എ.ഡി) ആയാണ് വിരമിച്ചത്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, ശങ്കരനാരായണപിള്ള, വി.സി. കബീർ, നാലകത്ത് സൂപ്പി, ഇ.റ്റി. മുഹമ്മദ് ബഷീർ, പി.കെ. അബ്ദുറബ്ബ് എന്നിവരോടൊപ്പം സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ നിർണ്ണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കൽ സ്വദേശിയായ അദ്ദേഹം വട്ടിയൂർക്കാവ് കുതിരക്കാട് ലയിനിലാണ് താമസിച്ചിരുന്നത്. പരേതരായ അധ്യാപകർ കുഞ്ഞുമൊയ്തീൻ – ഫാത്തിമ ദമ്പതികളുടെ മകനാണ്. നഫീസ കുഞ്ഞാണ് ഭാര്യ. ഡോ. ഷബാന, എഞ്ചിനീയർ ഷെഹിന എന്നിവർ മക്കളും ഡോ. ലെയ്സ് ബിൻ മുഹമ്മദ് (വളാഞ്ചേരി), ഷിബു മുഹമ്മദ് (റിയാദ്) എന്നിവർ മരുമക്കളുമാണ്. ഭൗതികദേഹം വട്ടിയൂർക്കാവിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം സ്വദേശമായ മലപ്പുറം കോട്ടക്കലിലേക്ക് കൊണ്ടുപോകും. യാത്രാമധ്യേ കായംകുളം പടനിലത്തുള്ള വസതിയിൽ ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. കബറടക്കം പിന്നീട് കോട്ടക്കലിൽ നടക്കും. ഔദ്യോഗിക രംഗത്തെ മികവും സൗമ്യമായ പെരുമാറ്റവും വഴി ഏവർക്കും പ്രിയങ്കരനായിരുന്നു ഇദ്ദേഹം.
