
എടവണ്ണ: 20 ഗ്രാം കൊക്കെയ്നുമായി കോഴിക്കോട് മുക്കത്ത് വെച്ച് പിടിയിലായ എടവണ്ണ ഐന്തർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്ന് കണ്ടെടുത്തു. മുക്കം പോലീസ് അറസ്റ്റ് ചെയ്ത മണ്ണിൽ കടവൻ അൻഫാസിന്റെ വീട്ടിൽ നിന്നാണ് വീണ്ടും കൊക്കെയ്ൻ പിടികൂടിയത്. മുക്കം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ്.ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അൻഫാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. കിടക്കക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 5.4 ഗ്രാം കൊക്കെയ്ൻ കൂടിയാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഈ സംഭവത്തിൽ എടവണ്ണ പോലീസ് സ്റ്റേഷനിലും പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ സി.ടി. സാബിറ, എസ്.സി.പി.ഒ സക്കീറലി, സി.പി.ഒ വിഗ്നേഷ് സി., ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, നിബിൻദാസ് ടി. എന്നിവരടങ്ങിയ സംഘമാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
