മലപ്പുറം: ജില്ലയിലെ അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണെടുപ്പിനുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ–പരിസ്ഥിതി പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ക്രൂരമായ ആക്രമണം. കയ്യും കാലും ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത ക്വാറികൾക്കെതിരായ നിയമപോരാട്ടത്തിൽ വിറളിപൂണ്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മലപ്പുറത്തെ നിയമവിരുദ്ധ പാറമടകൾക്കും മണ്ണുമാഫിയക്കുമെതിരെ വിവരാവകാശ നിയമം വഴിയും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) വഴിയും ശക്തമായ നിയമപോരാട്ടം നടത്തുന്ന ശ്രദ്ധേയനായ വ്യക്തിത്വമാണ് മജീദ് മൊല്ലഞ്ചേരി. പൊതുതാൽപ്പര്യ വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹ്യപ്രവർത്തകരെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച് വിവരാവകാശ പ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, മുസ്തഫ മമ്പാട്, ഷംസു കോട്ടക്കൽ, എ.പി. അബൂബക്കർ തുടങ്ങിയവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ ഉടനടി പിടികൂടുക, മജീദ് മൊല്ലഞ്ചേരിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തുക, ജില്ലയിലെ അനധികൃത ക്വാറികൾ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തുവ്വക്കടവ് അങ്ങാടിയിൽ വിവരാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധ സമരം നടക്കും.

