
വണ്ടൂർ വാണിയമ്പലത്ത് 19 വയസ്സുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. വെന്തോടൻപടി സ്വദേശി പുഴുത്തുണ്ണി മിഷാബിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. വണ്ടൂർ പാലാമഠം സ്വദേശി ഫഹദിനാണ് (19) തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30-ഓടെ വാണിയമ്പലത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്.ഫഹദിന്റെ പിതാവ് മിഷാബിന് ജിദ്ദയിലേക്ക് വിസ സംഘടിപ്പിച്ചു നൽകിയിരുന്നു. എന്നാൽ വിദേശത്ത് എത്തിയപ്പോൾ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും ശമ്പളം കുറവാണെന്നും ആരോപിച്ച് മിഷാബ് തിരികെ വരികയായിരുന്നു. വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ ഫഹദിന്റെ പിതാവ് തിരികെ നൽകാനുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ എട്ടു മാസമായി ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും പ്രകോപിതനായ മിഷാബ് കത്തിയുപയോഗിച്ച് ഫഹദിനെ വെട്ടുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഫഹദിനെ വണ്ടൂർ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫഹദ് നിലവിൽ അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
