തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്തൊട്ടാകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, നിപ (Nipah) നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും ഐസൊലേഷനിലും കഴിഞ്ഞിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങളും മുൻകരുതലും:
മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, കടുത്ത വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ, രോഗബാധിതരായ എല്ലാവരിലും ഒരേപോലെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് സാധാരണയായി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ശുചിത്വപാലനത്തിലൂടെയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിലൂടെയും രോഗബാധ ഒരു പരിധി വരെ തടയാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു.

