തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം വരുന്ന ഒന്നാം ക്ലാസുകാർ ഉൾപ്പെടെ 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനൊപ്പം സംസ്ഥാനത്തൊട്ടാകെ പ്രാദേശിക തലത്തിലും വിപുലമായ പ്രവേശനോത്സവ പരിപാടികളും സൈബർ സുരക്ഷാ പ്രതിജ്ഞയും നടക്കും.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം. സ്കൂൾ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുമതിയില്ല. കൂടാതെ സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്, പെർമിറ്റ്, സഹായികൾ എന്നിവ കർശനമാക്കിയിട്ടുണ്ട്. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും കൃത്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും സ്കൂൾ സോണുകളിൽ വാഹനങ്ങൾക്ക് വേഗ നിയന്ത്രണം പാലിക്കണമെന്നും നിർദേശമുണ്ട്.
