കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമെറ്റിനുള്ളിൽ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി ഈ മുന്നറിയിപ്പ് നൽകിയത്. കൈകളിൽ ഫോൺ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച്അ തിസാമർത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ ഇന്ന് കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ‘സമർത്ഥ’രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം അപകടകരമായ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരുചക്ര വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കണമെന്നാണ് എംവിഡി ചോദിക്കുന്നത്. ചെവിക്കുള്ളിൽ വെച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമെറ്റ് കൊണ്ട് മറച്ച് നിയമത്തെ വെട്ടിക്കാൻ ശ്രമിക്കുന്നവർ പലപ്പോഴും മറന്നുപോകുന്ന ഒരു വലിയ സത്യമുണ്ട്. വാഹനം ഓടുമ്പോൾ മൊബൈൽ ഫോൺ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോൾ, വാഹനത്തിന്റെ നിയന്ത്രണത്തിൽ ഡ്രൈവർക്ക് കൃത്യമായ ശ്രദ്ധ നൽകാൻ സാധിക്കില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടപ്പെടുത്താൻ സാധ്യതയുള്ള ഇത്തരക്കാരെ ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എംവിഡി കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

