Tuesday, March 3News That Matters
Shadow

മതസൗഹാർദ്ദത്തിന്റെ പൊങ്കാല; ആതിഥേയത്വമൊരുക്കി പാളയം മസ്ജിദും ചർച്ചും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി തലസ്ഥാനത്തെ പാളയം പ്രദേശം. ക്ഷേത്രവും ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന പാളയത്ത്, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ജുമാ നമസ്കാരത്തിന് മുന്നോടിയായുള്ള പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും “ഇതാണ് യഥാർത്ഥ കേരളം” എന്ന പേരിൽ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വെറും വാക്കിലൊതുക്കാതെ പ്രായോഗികമായ സഹായങ്ങളും പാളയം ജുമാ മസ്ജിദ് ഭാരവാഹികൾ ഒരുക്കിയിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങളാണ് പള്ളിയിൽ ഒരുക്കിയത്. പൊള്ളുന്ന ചൂടിൽ നിന്നും ആശ്വാസം നൽകാൻ മുൻ വർഷങ്ങളിൽ കമ്മ്യൂണിറ്റി ഹാൾ തുറന്നുനൽകിയിരുന്ന സ്ഥാനത്ത് ഇത്തവണ വിപുലമായ പന്തൽ തന്നെ തയ്യാറാക്കി. വെള്ളിയാഴ്ച വൈകിട്ട് മുതൽ പള്ളിക്ക് സമീപം അടുപ്പുകൾ കൂട്ടി കാത്തിരുന്ന ഭക്തർക്ക് നോമ്പ് കഞ്ഞി, ചായ, ലഘുഭക്ഷണം എന്നിവയും 24 മണിക്കൂറും കുടിവെള്ളവും വിതരണം ചെയ്തു. തൊട്ടടുത്തുള്ള സെന്റ് ജോസഫ് ചർച്ചിലും കുടിവെള്ളവും വിശ്രമ സൗകര്യങ്ങളും ഭക്തർക്കായി ലഭ്യമാക്കിയിട്ടുണ്ട്. പാളയത്തെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു. നഗരത്തിലുടനീളം വിവിധ സംഘടനകളും കൂട്ടായ്മകളും മോര്, ജ്യൂസ്, പഴങ്ങൾ എന്നിവ നൽകി ഭക്തർക്ക് ആശ്വാസമേകുന്നുണ്ട്. വർഷങ്ങളായി തുടർന്നുപോരുന്ന ഈ സ്നേഹക്കൂട്ടായ്മ ഇത്തവണയും കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഊട്ടിയുറപ്പിക്കുന്നതായി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL