കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി മൂന്ന് കോടി രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ റിട്ടയേഡ് ബി.എസ്.എൻ.എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പിനിരയായതോടെ രാജൻ നമ്പൂതിരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വർഷമാണ് ‘യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്’ എന്ന വ്യാജ ആപ്പിലൂടെ ഇദ്ദേഹത്തിന് വലിയ തുക നഷ്ടമായത്. വെറും മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ വിവിധ ഘട്ടങ്ങളിലായി ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നതോടെയും, ലാഭം പിൻവലിക്കാൻ വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെയുമാണ് താൻ ചതിക്കപ്പെട്ട വിവരം രാജൻ നമ്പൂതിരി തിരിച്ചറിഞ്ഞത്. തുടർന്ന് അദ്ദേഹം സൈബർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്ന് കണ്ടെത്തി. രാജൻ നമ്പൂതിരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, നിക്ഷേപിച്ച തുകയിൽ 13.5 ലക്ഷം രൂപ കോട്ടയം സൈബർ പോലീസ് വിവിധ അക്കൗണ്ടുകളിൽ നിന്നായി മരവിപ്പിച്ചിരുന്നു. എന്നാൽ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിലെ കടുത്ത നിരാശയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

