
ബംഗളൂരു: ഏഴ് വയസ്സുകാരൻ ഉൾപ്പെടെ ഭാര്യയുടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ച നടുക്കുന്ന സംഭവത്തിൽ കാബ് ഡ്രൈവർ അറസ്റ്റിലായി. ബംഗളൂരുവിലെ രാജാജിനഗർ സ്വദേശിയായ ഇന്ദുശേഖർ ആണ് പോലീസിന്റെ പിടിയിലായത്. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ അമ്മ രൂപവതി, അമ്മയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശിവകുമാറിന്റെ മകൻ പുനീത് (7) എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴ് വയസ്സുകാരനായ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. മറ്റ് ആറുപേരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നളിനിയെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അരുംകൊലകളുടെ വിവരങ്ങൾ പുറത്തുവന്നത്. 20 വർഷം മുൻപായിരുന്നു ഇന്ദുശേഖറും സുനിതയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നങ്ങളിലും ദാമ്പത്യജീവിതത്തിലും ഭാര്യയുടെ കുടുംബാംഗങ്ങൾ അനാവശ്യമായി ഇടപെടുന്നതിൽ പ്രതിക്ക് കടുത്ത വിരോധമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി നിരന്തരം വഴക്കുകൾ നടന്നിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് ഇവരെ ഓരോരുത്തരെയായി വീട്ടിലേക്ക് വിളിച്ചുവരുത്തി അരകല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
